'എല്ലാത്തരം മാലിന്യങ്ങളെയും ഉൾക്കൊള്ളാനുള്ള ശേഷി കടലിനുണ്ട്' എന്നൊരു തെറ്റിദ്ധാരണയുണ്ട്
നാളെ, ജൂൺ എട്ട്. ലോക സമുദ്രദിനം. ജൂണ്‍ അഞ്ചിന്‍റെ പരിസ്ഥിതി ദിനം ആഘോഷിച്ചു കഴിഞ്ഞു. പക്ഷെ, അതുപോലെ ഓര്‍ക്കപ്പെടാറില്ല, ആചരിക്കാറുമില്ല സമുദ്രദിനങ്ങള്‍. കാരണം, കടലിനെ ഒരിക്കലും പരിസ്ഥിതിയുടെ ഭാഗമായി കണ്ടിരുന്നില്ല. കടലും, കടലിന്റെ പ്രശ്നങ്ങളും ജീവിതത്തെ ബാധിക്കുമെന്ന് ആരും കരുതുന്നുമില്ല. സമുദ്രത്തെ സംബന്ധിക്കുന്നതെല്ലാം, എല്ലായ്പ്പോഴും ഒരുവിഭാഗം ജനങ്ങളെ മാത്രം ബാധിക്കുന്ന വിഷയമായി ഒതുങ്ങിനിന്നു. തീരത്തു നിന്നു മാത്രം കടൽ കാണുന്നവന്, തിരയിൽ കാൽ നനച്ച് തിരിച്ചു പോകുന്നവന്, കടലിനെ ആശ്രയിച്ചു ജീവിക്കുന്നവനെക്കുറിച്ച് അത്രയെളുപ്പം മനസിലാവാനിടയില്ല.
'പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിലുള്ള വികസനം' എന്ന ആശയം കടലിനെ സംബന്ധിക്കുന്ന വിഷയങ്ങളിൽ ഇതുവരെ പ്രവർത്തികമായിട്ടില്ല. കടലിൽ കുന്നുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ലോകം നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഒരു വലിയ കാരണമാണ്. 'എല്ലാത്തരം മാലിന്യങ്ങളെയും ഉൾക്കൊള്ളാനുള്ള ശേഷി കടലിനുണ്ട്' എന്ന തെറ്റിദ്ധാരണ കൊണ്ടാവാം നിലവിൽ നഗരങ്ങളിലെ പലവിധ മാലിന്യങ്ങളും കൊണ്ടുതള്ളാനുള്ള ഇടമാണ് കടല്‍. അറവുശാലകളിലെ മാലിന്യങ്ങൾ, മൽസ്യ സംസ്കരണ ശാലകളിൽ മാലിന്യങ്ങൾ, കക്കൂസ് മാലിന്യങ്ങൾ, വ്യവസായ ശാലകളിലെ മാലിന്യങ്ങൾ തുടങ്ങിയവയെല്ലാം കടലിൽ കൊണ്ട് തള്ളാറുണ്ട്. ഇതിനെല്ലാം പുറമേ കായലുകളിലെ മാലിന്യങ്ങളും, വേലിയിറക്ക സമയത്ത് കടലിലേക്ക് ഒഴുകി എത്തുന്നു.
കേരളതീരങ്ങൾ നിലവിൽ നേരിടുന്ന വെല്ലുവിളി നോക്കിയാല്‍ ആഗോളതാപനത്തെയും, കാലാവസ്ഥാ വ്യതിയാനത്തെക്കാൾ ഗുരുതരമായ പ്രശ്നമാണ് കേരളാതീരം നേരിടുന്ന വെല്ലുവിളി. കടലുമായി ബന്ധപ്പെട്ട കേരളത്തിന്റെ പല വികസന നയങ്ങളും കടലിന്റെ സ്വാഭാവികതയെ ഇല്ലാതാക്കുന്നവയാണ്. പ്രധാനമായും തെക്കൻ കേരളത്തിന്റെ കടൽത്തീരങ്ങളാണ് ഇവയുടെ പരിണിത ഫലങ്ങൾ കൂടുതലും അനുഭവിക്കുന്നത്. മനുഷ്യന്‍ കടലിനോട് ചെയ്ത ക്രൂരതയ്ക്കുള്ള കണക്ക് ചോദിക്കലാണ് ഓഖി പോലെയുള്ള ദുരന്തങ്ങള്‍. അഥവാ, സമുദ്രമലിനീകരണങ്ങളുടെയും അശാസ്ത്രീയമായ വികസന പദ്ധതികളുടെയും ഫലം.
തിരുവനന്തപുരത്തെ പല കടലോരപ്രദേശങ്ങളും വളരെ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ട്. നാൾക്കുനാൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കടൽത്തീരങ്ങൾ ഇതിന്റെ തെളിവാണ്. വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി തെക്കൻ സമുദ്രതീരങ്ങൾക്ക് സംഭവിക്കുന്ന മാറ്റങ്ങളും ചെറുതല്ല. വിഴിഞ്ഞത്തിന്റെ വടക്കു ഭാഗത്തുള്ള പൂന്തുറ, വലിയതുറ, അഞ്ചുതെങ്ങ്, ശംഖുമുഖം, മാമ്പള്ളി, താഴമ്പള്ളി തുടങ്ങിയ ഇടങ്ങളിൽ തീരം ഗണ്യമായ രീതിയിൽ നഷ്ട്ടപ്പെടുന്നുണ്ട്. വിഴിഞ്ഞത്തിന്റെ തെക്കു വശത്ത് അടിമലത്തുറ മുതൽ പൂവാർ വരെയുള്ള പ്രദേശങ്ങളിലാകട്ടെ തീരം കൂടുകയാണ്. ഒരു തീരത്തു നിന്നും കടലെടുക്കുന്ന മണൽ മറുവശത്തുള്ള തീരത്തേക്ക് തള്ളപ്പെടുന്നതിന്റെ ഫലമായാണ് ഇതുണ്ടാകുന്നത്.
ഈ സ്ഥിതി ഇങ്ങനെ തുടർന്നാൽ വൈകാതെ കേരളത്തിലെ പല തീരങ്ങളും പൂർണമായും ഇല്ലാതെയാകും. ഈ തീരങ്ങളിൽ അധിവസിക്കുന്ന ജനതയ്ക്ക് പലായനം ചെയ്യേണ്ടിവരും. നിരന്തരമായി മാലിന്യം തള്ളുന്നത് കടലിലെ മൽസ്യസമ്പത്തിനേയും സാരമായി ബാധിച്ചിട്ടുണ്ട്. പലതരം മത്സ്യങ്ങളും, മറ്റു കടൽ വിഭവങ്ങളും വലിയ തോതിലാണ് കുറഞ്ഞു കൊണ്ടിരിക്കുന്നത്. ഇത് മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും ബാധിക്കുന്നു. മൽസ്യബന്ധനമല്ലാതെ മറ്റു തൊഴിലുകൾ അറിയുന്നവരല്ല മത്സ്യത്തൊഴിലാളികളില്‍ അധികവും. അതുകൊണ്ടുതന്നെ കടൽ വിഭവങ്ങൾ കുറയുന്നത് ഇവരുടെ ദൈനംദിന ജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഈ അവസ്ഥ ഇനിയും തുടർന്നാൽ കേരളത്തിന്റെ തീരദേശപ്രദേശം മൊത്തമായും ഇല്ലാതെയാവാൻ അധികനാൾ വേണ്ടി വരില്ല.
കാണിക്കുന്ന ക്രൂരതയ്ക്കെല്ലാം തിരിച്ചടിക്കാന്‍ പാകത്തില്‍ത്തന്നെ കരുത്തിലാണ് കടലും.
