മഹാമാരി പടർന്ന് കയറുമ്പോൾ തടയാൻ പാടുപ്പെടുകയാണ് ഇന്ത്യ. പ്രായമായവരെയാണ് കൊവിഡ് കൂടുതലും കുഴപ്പത്തിലാക്കുക എന്ന് പൊതുവെ ഒരു ധാരണ നമുക്കിടയിലുണ്ട്. എന്നാൽ, അടുത്തകാലത്തായി ഇറങ്ങിയ കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ സ്ഥിതി വ്യത്യസ്‍തമാണ്. ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ചവരിൽ 21-40 വയസ്സിനിടയിലുള്ളവര്‍ ഏറെയുണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ  സ്ഥിതീകരണം. ഇന്ത്യയിലെ കൊറോണ വൈറസ് രോഗികളെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ 42 ശതമാനം പേരും 21-40 വയസ്സിനിടയിലുള്ളവരാണെന്ന് കണ്ടെത്തിയിരുന്നു.

ഇന്ത്യയിൽ ഈ മഹാമാരി 41 -നും 50 -നും ഇടയിൽ പ്രായമുള്ളവരെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. അറുപത് വയസ്സിനുമുകളിലുള്ള  പൗരന്മാരാണ് പൊതുവെ വൈറൽ അണുബാധയ്ക്ക് ഏറ്റവും ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പായി കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ, ഇന്ത്യയിലെ കോവിഡ് -19 രോഗികളിൽ അറുപത് വയസ്സിന് മുകളിൽ ഉള്ളവർ വെറും 17 ശതമാനം മാത്രമേ ഉള്ളൂ. 20 വയസ്സിന് താഴെയുള്ളവരിൽ ഒമ്പത് ശതമാനവും. കൊറോണ വൈറസ് എന്ന മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ഇന്ത്യയിലെ തൊഴിലാളികളെയാണ് എന്നാണ് ഇന്ത്യാ ടുഡേ ഡാറ്റാ ഇന്റലിജൻസ് യൂണിറ്റിന്റെ ഒരു റിപ്പോർട്ടിൽ പറയുന്നത്. മന്ത്രാലയവും ഈ വിശകലനം സ്ഥിരീകരിച്ചിരുന്നു. അസുഖം ബാധിച്ചവരിൽ 83 ശതമാനം രോഗികളും 50 വയസ്സിന് താഴെയുള്ളവരായതിനാൽ ഇന്ത്യയിലെ യുവാക്കൾക്ക് ഈ രോഗം പിടിപെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇതുവരെ ചിന്തിച്ചിരുന്നതിലും വ്യത്യസ്‍തമായി ചെറുപ്പക്കാർ ഈ രോഗത്തിന് അടിമപ്പെടാമെന്നും, വേണ്ടത്ര ശ്രദ്ധ കിട്ടിയില്ലെങ്കില്‍ രോഗം മൂര്‍ച്ഛിക്കാമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ന്യൂയോർക്കിലെ ട്രൂഡോ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇൻഫ്ലുവൻസ വൈറസ് വിദഗ്ധനും പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായ ഡോ. പ്രിയ ലുത്ര ഇന്ത്യ ടുഡേയോട് പറഞ്ഞത്, “ഈ വൈറസിന്റെ പ്രത്യേകത, ലക്ഷണങ്ങളൊന്നും കാണിക്കാത്തെ തന്നെ ഒരു നേരിയ അണുബാധ ആളുകളിൽ ഉണ്ടാകാം. അവർക്ക് വൈറസ് മറ്റുള്ളവരിലേക്ക് പകർത്താൻ കഴിയും. തുടക്കത്തിൽ, മരണനിരക്ക് ചെറുപ്പക്കാരേക്കാൾ പ്രായമായവരിൽ കൂടുതലായിരിക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ, ഇതുമൂലം ചെറുപ്പക്കാർക്ക് അപകടസാധ്യതയില്ലെന്ന് അർത്ഥമില്ല. അതിനാലാണ് എല്ലാവരും സാമൂഹിക അകലവും ശുചിത്വത്തിന്റെ കർശനമായി പാലിക്കണം എന്ന് പറയുന്നത്. " എന്നാണ്. 

കൊവിഡ് 19 രാജ്യത്ത് ആശങ്കാജനകമായിത്തന്നെ തുടരുകയാണ്. ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4421 ആയി. ഇതുവരെ 114 പേരാണ് മരിച്ചത്. രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന കുത്തനെയുള്ള വര്‍ധനവ് സര്‍ക്കാരിനെയും ജനങ്ങളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കേരളത്തില്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ രോഗികള്‍ക്ക് അസുഖം ഭേദപ്പെടുന്നത് ആശ്വാസമാകുന്നുണ്ട്. 

(ചിത്രം: പ്രതീകാത്മകം) 

കൊവിഡ് 19 LIVE: രാജ്യത്ത് 4421 രോഗികൾ, ഇന്ത്യക്കെതിരെ ഡൊണാൾഡ് ട്രംപ്; ബോറിസ് ജോൺസൺ അത്യാസന്ന നിലയിൽ : ലൈവ് അപ്ഡേറ്റ്സ് അറിയാം.