മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ -ജനുവരി കാലയളവില്‍ രാജ്യത്തേക്കുളള സ്വര്‍ണ ഇറക്കുമതിയില്‍ കുറവ് രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് ഒന്‍പത് ശതമാനത്തിന്‍റെ കുറവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. 2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെയുളള സമയത്ത് 24.64 ബില്യണ്‍ ഡോളറിന്‍റെ (1.74 ലക്ഷം കോടി) സ്വര്‍ണ ഇറക്കുമതിയാണ് നടന്നത്. 

2018 ഏപ്രില്‍ മുതല്‍ 2019 ജനുവരി വരെയുളള കാലയളവില്‍ 27 ബില്യണ്‍ ഡോളറിന്‍റെ മഞ്ഞലോഹ ഇറക്കുതിയാണ് രാജ്യത്തേക്കുണ്ടായത്. സ്വര്‍ണ ഇറക്കുമതി കുറയുന്നത് രാജ്യത്തിന് വ്യാപാരക്കമ്മിയില്‍ വലിയ ആശ്വാസമാണ് നല്‍കുന്നത്. ഇത് രാജ്യത്തിന്‍റെ കറന്‍റ് അക്കൗണ്ട് കമ്മി കുറയുന്നതിനും സഹായകാരമാണ്. ജ്വല്ലറി, ആഭരണ വ്യവസായ മേഖലയില്‍ നിന്നുളള ആവശ്യകതയില്‍ കുറവുണ്ടായതാണ് സ്വര്‍ണ ഇറക്കുമതിയില്‍ ഇടിവുണ്ടാകാന്‍ കാരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

സ്വര്‍ണ ഇറക്കുമതിയില്‍ കഴിഞ്ഞ ജൂലൈ മുതല്‍ നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. എന്നാല്‍, ഒക്ടോബര്‍ -നവംബര്‍ മാസങ്ങളില്‍ ഇറക്കുമതിയില്‍ വര്‍ധനയുണ്ടായി. ഡിസംബര്‍ മാസത്തില്‍ നാല് ശതമാനം ഇറക്കുമതി ചുരുങ്ങുകയും ജനുവരി എത്തിയപ്പോള്‍ ഇറക്കുമതിയിലെ ഇടിവ് 31.5 ശതമാനമായി ഉയര്‍ന്നു. 

പ്രധാനമായും ജ്വല്ലറി വ്യവസായത്തില്‍ നിന്നാണ് സ്വര്‍ണത്തിന് ഏറ്റവും കൂടുതല്‍ ആവശ്യകതയുളളത്. സ്വര്‍ണം ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. വര്‍ഷം 800 -900 ടണ്‍ സ്വര്‍ണമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. 

സ്വര്‍ണ ഇറക്കുമതി വര്‍ധിക്കുന്നത് രാജ്യത്തിന്‍റെ വ്യാപാരക്കമ്മി, കറന്‍റ് അക്കൗണ്ട് കമ്മി എന്നിവ വര്‍ധിക്കാനിടയാക്കും. സ്വര്‍‌ണ ഇറക്കുമതി നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് കഴിഞ്ഞ ബജറ്റിലൂടെ കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്‍റെ ഇറക്കുമതി തീരുവ 10 ശതമാനത്തില്‍ നിന്ന് 12.5 ശതമാനത്തിലേക്ക് ഉയര്‍ത്തിയത്. ഇതും ഇറക്കുമതി കുറയാന്‍ കാരണമായതായി വിദഗ്ധര്‍ പറയുന്നു.