തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാരിന് വലിയ ആശ്വാസമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. മാസം 450 കോടിയുടെ ബാധ്യതയാണ് താത്കാലികമായി ഒഴിയുന്നത്. വരുമാന സ്രോതസ്സുകൾ പുനരൂജ്ജീവിപ്പിക്കാൻ മെയ് പതിനെട്ട് മുതൽ ലോട്ടറി പുനരാരംഭിക്കാനും സർക്കാർ തീരുമാനിച്ചു.

വരുമാനം നിലച്ച് സാമ്പത്തിക അടിത്തറ ഇളകിയതോടെയാണ് സർക്കാർ സാലറി കട്ടുമായി രംഗത്തെത്തിയത്. ഓർഡിനൻസ് ഇറക്കിയതിന് പിന്നാലെ അഞ്ച് ദിവസത്തെ ശമ്പളം പിടിച്ചാണ് വിതരണം പുരോഗമിക്കുന്നത്. അതിനിടെ എത്തിയ ഹൈക്കോടതി ഉത്തരവ് രാഷ്ട്രീയമായും സാമ്പത്തികമായും സർക്കാരിനെ രക്ഷിച്ചെടുത്തു.

ശമ്പള ഓർഡിനൻസ് സ്റ്റേ ഇല്ല; ഓ‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

സാലറി കട്ടിൽ മാസം 400 കോടി മുതൽ 450 കോടിവരെയാണ് സർക്കാരിന് നേട്ടം. ആറ് മാസം 2,500 കോടി. ശമ്പളം കൊടുക്കാൻ വായ്പ എടുത്ത സർക്കാരിന് ഇത് വലിയ ആശ്വാസമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഇന്ന് ആയിരം കോടി സർക്കാർ വായ്പയെടുത്തു. ശമ്പളവിതരണം പൂർത്തിയാക്കാനാണ് ഈ തുക വിനിയോഗിക്കുക.

ലോക്ഡൗണിൽ തകർന്ന സാമ്പത്തിക രംഗം പുനരുജ്ജീവിപ്പിക്കുകയാണ് പ്രധാന കടമ്പ. പ്രധാന വരുമാനസ്രോതസായ ലോട്ടറി മെയ് 18മുതൽ തുടങ്ങും. ജൂണ്‍ ഒന്നിനാണ് ആദ്യ നറുക്കെടുപ്പ്. നൂറ് ടിക്കറ്റുകൾ വരെ വിൽപ്പനക്കാർക്ക് വായ്പയായി നൽകും. ഓണത്തിന് മുമ്പ് പണം തിരിച്ചടയ്ക്കണം. ഇന്ന് കടമെടുത്ത ആയിരം കോടിയും, കേന്ദ്ര റവന്യു കമ്മി ഗ്രാൻറായ 1,200 കോടിയും മാത്രമാണ് പണമായി സർക്കാരിന്റെ കൈയ്യിലുളളത്. ശമ്പള വിതരണത്തിന് ശേഷമുള്ള മറ്റ് ചെലവുകൾക്ക് പണം കണ്ടെത്തുകയാണ് സർക്കാരിന് മുന്നിലെ അടുത്ത വെല്ലുവിളി.