വിയന്ന: 2016 ല്‍ നിലവില്‍ വന്ന എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ സഖ്യമായ ഒപെക് പ്ലസ് പൊളിഞ്ഞു. സൗദി അറേബ്യയുടെ നേതൃത്വത്തിലുളള രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്, റഷ്യയെക്കൂടി ഉള്‍പ്പെടുത്തി രൂപീകരിച്ച കൂട്ടായ്മയാണ് ഒപെക് പ്ലസ്. അമേരിക്ക എണ്ണ വിപണിയില്‍ വന്‍ ശക്തിയാകുന്നത് തടയാനാണ് ഒപെക് പ്ലസ് രൂപീകൃതമായത്. 

എന്നാല്‍, ഇപ്പോള്‍ എണ്ണവില താഴാതിരിക്കാന്‍ ഉല്‍പാദനം വെട്ടിക്കുറയ്ക്കണമെന്ന സൗദിയുടെ ആവശ്യം റഷ്യ തള്ളിയതോടെയാണ് ഒപെക് പ്ലസിന് തകര്‍ച്ചയുണ്ടായത്. എണ്ണ ഉല്‍പാദനം ഇനിയും ഉയര്‍ത്താനാകുമെന്നും ഇപ്പോഴത്തെ കുറഞ്ഞ വിലനിലവാരത്തില്‍ തുടരാന്‍ ബുദ്ധിമുട്ടില്ലെന്നുമാണ് റഷ്യയുടെ നിലപാട്. 

ഇന്നലെ മാത്രം രാജ്യാന്തരവിപണിയിൽ 30 ശതമാനം വില ക്രൂഡ് ഓയിലിന് കുറഞ്ഞു. എന്നാൽ, ആഗോളവിപണിയിലെ വിലക്കുറവിന് ആനുപാതികമായി ഇന്ത്യയിലെ എണ്ണക്കമ്പനികൾ വില കുറച്ചിട്ടില്ല. ആഗോളവിപണിയിൽ ക്രൂഡ് വില ഒരു ഡോളർ കൂടുമ്പോൾ പോലും എണ്ണക്കമ്പനികൾ ഇന്ധനവില ഗണ്യമായി വർധിപ്പിക്കാറുണ്ട്. ബ്രെൻഡ് ക്രൂഡ് വില 36 ഡോളറിലേക്ക് ഇടിഞ്ഞെങ്കിലും പെട്രോളിന് 30 പൈസയും ഡീസലിന് 26 പൈസയും മാത്രമാണ് എണ്ണക്കമ്പനികൾ കുറച്ചത്.കൊച്ചിയിൽ പെട്രോളിന്72 രൂപ 43 പൈസയും ഡീസലിന്  66 രൂപ 65 പൈസയുമാണ് ഇന്നത്തെ നിരക്ക്. 

രാജ്യാന്തരവിപണിയിൽ ഈവർഷം 66 ഡോളറിൽ നിന്ന് 36 ഡോളറിലേക്ക് വില കൂപ്പുകുത്തിയെങ്കിലും ആഭ്യന്തരവിപണിയിൽ ഈ വർഷം ഇതുവരെ പെട്രോളിന് നാല് രൂപ എട്ട് പൈസയും ഡീസലിന് മൂന്ന് രൂപ 23 പൈസയും മാത്രമാണ് കുറഞ്ഞത്.ആഗോളതലത്തിൽ ക്രൂഡ് വില കുറഞ്ഞെങ്കിലും അതിന്റെ നേട്ടം രാജ്യത്തെ ഉപഭോക്താക്കളിലേക്ക് എത്തുന്നില്ല. ക്രൂഡ് ഓയിലിന്റെ എക്സൈസ് തീരുവ വീണ്ടും കൂട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായും റിപ്പോ‍ർട്ടുകളുണ്ട്.