നിലവിൽ ഭൂരിഭാഗം മരുന്നുകളും നികുതിരഹിതമായാണ് അമേരിക്കയിൽ എത്തുന്നത്. എന്നാൽ, യുഎസ് ട്രേഡ് എക്‌സ്പാൻഷൻ ആക്ടിലെ സെക്ഷൻ 232 പ്രകാരം ദേശീയ സുരക്ഷാ കാരണങ്ങൾ ഉന്നയിച്ചാണ് ട്രംപ് ഭരണകൂടം തീരുവ ഏർപ്പെടുത്താൻ ഒരുങ്ങുന്നത്
ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് 100 ശതമാനം വരെ താരിഫ് ഏർപ്പെടുത്താനുള്ള ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം ഇന്ത്യക്ക് കടുത്ത തിരിച്ചടിയാണ്. അമേരിക്കയിലെ ആവശ്യത്തിനുള്ള മരുന്ന് ആഭ്യന്തരമായി നിർമിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപിന്റെ ഈ നീക്കം. നിലവിൽ ഭൂരിഭാഗം മരുന്നുകളും നികുതിരഹിതമായാണ് അമേരിക്കയിൽ എത്തുന്നത്. എന്നാൽ, യുഎസ് ട്രേഡ് എക്‌സ്പാൻഷൻ ആക്ടിലെ സെക്ഷൻ 232 പ്രകാരം ദേശീയ സുരക്ഷാ കാരണങ്ങൾ ഉന്നയിച്ചാണ് ട്രംപ് ഭരണകൂടം തീരുവ ഏർപ്പെടുത്താൻ ഒരുങ്ങുന്നത്.
വിലക്കയറ്റം, വിതരണ പ്രതിസന്ധി
ഈ നീക്കം മരുന്നുകളുടെ വില വർധനവിന് കാരണമാകും. വെറും 25 ശതമാനം താരിഫ് പോലും അമേരിക്കയിലെ മരുന്നുകളുടെ വില 10-14 ശതമാനം വരെ വർധിപ്പിക്കുമെന്ന് വിദഗ്ധർ പറയുന്നു. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളെയും പ്രായമായവരെയും ഇത് കൂടുതൽ ബാധിക്കും. യു.എസ്. കുറിപ്പടികളിൽ 90 ശതമാനത്തിലധികം വരുന്ന ജനറിക് മരുന്നുകൾക്കാണ് ഇതിന്റെ ആഘാതമേൽക്കുക.
ഇന്ത്യക്ക് തിരിച്ചടിയോ?
ലോകത്തിലെ ഏറ്റവും വലിയ ജനറിക് മരുന്ന്, ഫാർമസ്യൂട്ടിക്കൽ വിതരണക്കാരാണ് ഇന്ത്യ. അമേരിക്കയുടെ ചെലവ് കുറഞ്ഞ ആരോഗ്യപരിപാലനത്തിന് ഇന്ത്യൻ ജനറിക് മരുന്നുകൾ നിർണായകമാണെന്ന് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അലയൻസ് ചൂണ്ടിക്കാട്ടുന്നു. അമേരിക്കയുടെ ഔഷധ ഇറക്കുമതിയുടെ ആറ് ശതമാനം മാത്രമാണ് ഇന്ത്യയുടേതെങ്കിലും, പല അവശ്യ മരുന്നുകൾക്കും ഇന്ത്യൻ അസംസ്‌കൃത വസ്തുക്കളെ ആശ്രയിക്കുന്നുണ്ട്. മുമ്പ് ഒരു ഇന്ത്യൻ ഫാക്ടറിയിൽ ഉൽപ്പാദനം നിലച്ചപ്പോൾ അമേരിക്കയിൽ കീമോതെറാപ്പി മരുന്നുകൾക്ക് ക്ഷാമമുണ്ടായ സാഹചര്യം ഈ ആശ്രിതത്വം വ്യക്തമാക്കുന്നു.
തിരിച്ചുവരവ് എളുപ്പമല്ല
പതിറ്റാണ്ടുകളായി ആഗോള ഫാർമസ്യൂട്ടിക്കൽ ഉൽപ്പാദനം ഇന്ത്യ, ചൈന, അയർലൻഡ്, സ്വിറ്റ്‌സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് മാറിയിട്ടുണ്ട്. ഉൽപ്പാദനം അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരുന്നത് ചെലവേറിയതും മന്ദഗതിയിലുള്ളതുമായിരിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഇത് മരുന്നുകളുടെ വില വർധിപ്പിക്കും. റോച്ച്, ജോൺസൺ & ജോൺസൺ തുടങ്ങിയ വലിയ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ യു.എസിൽ വൻ നിക്ഷേപങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഇത് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത ചേരുവകൾക്ക് പകരമാകില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.


