തിരുവനന്തപുരം: പ്രവാസികളെ ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രവാസി ലാഭ വിഹിത പദ്ധതിക്ക് മികച്ച പ്രതികരണം. അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മരണം വരെ പ്രതിമാസം 5500 രൂപ വരെ ലഭിക്കുന്നതാണ് പദ്ധതിക്ക്. കേരളത്തിന്‌റെ അഭിമാനപദ്ധതിയായ കിഫ്ബിയിലേക്ക് ധനസമാഹരണം ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആരംഭിച്ചത്. ഫെബ്രുവരി 28 വരെ 1198 പേരാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരിൽ 193 പേര്‍ നിക്ഷേപം നടത്തി. ആകെ നിക്ഷേപം 34.37 കോടിയായി. 

പ്രവാസി ക്ഷേമ ബോര്‍ഡില്‍ ലഭിക്കുന്ന നിക്ഷേപങ്ങള്‍ കിഫ്ബിക്ക് കൈമാറുകയാണ് ചെയ്യുക. കിഫ്ബിയുടെ വിഹിതമായി ഒന്‍പത് ശതമാനവും സംസ്ഥാന സര്‍ക്കാരിന്‌റെ വിഹിതമായി ഒരു ശതമാനവും അടക്കം പത്ത് ശതമാനം ലാഭവിഹിതമാണ് ലഭിക്കുക.

നിക്ഷേപം നടത്തി മൂന്ന് വര്‍ഷത്തിന് ശേഷമാണ് ലാഭവിഹിതം ലഭിച്ചുതുടങ്ങുക. ആദ്യത്തെ മൂന്ന് വര്‍ഷത്തെ ലാഭവിഹിതം കൂടി ഉള്‍പ്പെടുത്തിയാകും മൂന്ന് വര്‍ഷത്തിന് ശേഷം ലഭിക്കുന്ന തുക. 

ഉദാഹരണത്തിന് മൂന്ന് ലക്ഷം രൂപ നിക്ഷേപിക്കുന്ന പ്രവാസിക്ക് വാര്‍ഷിക ഡിവിഡന്‍റായി 30,000 രൂപ ലഭിക്കും (10 ശതമാനം). പക്ഷേ, ആദ്യ മൂന്ന് വര്‍ഷം ഈ തുക വ്യക്തികള്‍ക്ക് കൈമാറില്ല. ഇതോടെ നാലാം വര്‍ഷം ആകെ നിക്ഷേപം 3,90,000 രൂപയായി ഉയരും. നാലാം വര്‍ഷം മുതല്‍ ഇതിന്‍റെ 10 ശതമാനം ലാഭ വിഹിതമായി നിക്ഷേപകന് കൈമാറും. അതായത് വര്‍ഷം നിക്ഷേപകന് ലഭിക്കുന്ന നേട്ടം 39,000 രൂപയാണ്. ഇത് 12 തുല്യ ഗഡുക്കളായി നിക്ഷേപകന്‍റെ അക്കൗണ്ടിലേക്ക് എത്തും. അതായത് മാസം ലഭിക്കുന്ന നേട്ടം 3,250 രൂപ !.