ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ചെറിയ പട്ടണങ്ങളില്‍ നിന്നുള്ള കോഡര്‍മാര്‍ ഡോളര്‍ സമ്പാദിക്കുന്നവരായി മാറിയത് H-1B വിസ കൊണ്ടായിരുന്നു. കുടുംബങ്ങള്‍ മധ്യവര്‍ഗ്ഗത്തില്‍ നിന്ന് ഉയര്‍ന്ന ജീവിത നിലവാരത്തിലേക്ക് ഉയര്‍ന്നു
പരിഭ്രാന്തി, ആശയക്കുഴപ്പം..ഒടുവില്‍ സര്‍ക്കാരിന്റെ മലക്കം മറച്ചില്‍ . H-1B വിസയില്‍ അമേരിക്കയില്‍ കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ കഴിഞ്ഞ ആഴ്ചയിലെ അനുഭവം ഇതായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഒരു തീരുമാനം ടെക് ലോകത്തെ ഒന്നടങ്കം ഞെട്ടിക്കകുന്നതായിരുന്നു. H-1B വിസയുടെ ഫീസ് 50 മടങ്ങ് വരെ വര്‍ധിപ്പിച്ച് 100,000 ഡോളറാക്കി (ഏകദേശം 87 ലക്ഷം രൂപ) മാറ്റുമെന്നായിരുന്നു ആ പ്രഖ്യാപനം. ഇതറിഞ്ഞതോടെ സിലിക്കണ്‍ വാലിയിലെ കമ്പനികള്‍ ജീവനക്കാരോട് രാജ്യം വിട്ട് യാത്ര ചെയ്യരുതെന്ന് നിര്‍ദേശിച്ചു. വിദേശത്ത് നിന്ന് അമേരിക്കയിലേക്ക് തിരിക്കാനിരുന്നവര്‍ അവസാന നിമിഷം വിമാന ടിക്കറ്റുകള്‍ റദ്ദാക്കാന്‍ തുടങ്ങി.
പുതിയ അപേക്ഷകര്‍ക്ക് മാത്രം!
എന്നാല്‍, ശനിയാഴ്ച ആയപ്പോഴേക്കും വൈറ്റ് ഹൗസ് ഒരു വിശദീകരണവുമായി രംഗത്തെത്തി. ഈ ഫീസ് പുതിയതായി അപേക്ഷിക്കുന്നവര്‍ക്ക് മാത്രമാണ് ബാധകമാകുക എന്നും, ഇത് ഒറ്റത്തവണയായി അടച്ചാല്‍ മതിയെന്നും അവര്‍ വ്യക്തമാക്കി. എങ്കിലും, ലോകോത്തര പ്രതിഭകളെ അമേരിക്കയിലേക്ക് ആകര്‍ഷിച്ച H-1B പ്രോഗ്രാമിന് ഒരു അനിശ്ചിതത്വം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മൂന്ന് പതിറ്റാണ്ടുകളായി ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ അമേരിക്കന്‍ സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കിയ H-1B വിസയുടെ സാധ്യതകള്‍ ഇല്ലാതാക്കുന്നതാണ് ട്രംപിന്റെ തീരുമാനം.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ചെറിയ പട്ടണങ്ങളില്‍ നിന്നുള്ള കോഡര്‍മാര്‍ ഡോളര്‍ സമ്പാദിക്കുന്നവരായി മാറിയത് ഈ വിസ കൊണ്ടായിരുന്നു. കുടുംബങ്ങള്‍ മധ്യവര്‍ഗ്ഗത്തില്‍ നിന്ന് ഉയര്‍ന്ന ജീവിത നിലവാരത്തിലേക്ക് ഉയര്‍ന്നു. വിമാനക്കമ്പനികളും റിയല്‍ എസ്റ്റേറ്റ് മേഖലയും ഉള്‍പ്പെടെയുള്ള വ്യവസായങ്ങള്‍ പോലും ഇവരെ ലക്ഷ്യമിട്ട് സേവനങ്ങള്‍ നല്‍കി. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഈ വിസ സമ്പ്രദായം ഗവേഷണ സ്ഥാപനങ്ങളിലും, വിദ്യാഭ്യാസ രംഗത്തും, ആശുപത്രികളിലും, സ്റ്റാര്‍ട്ടപ്പുകളിലും കഴിവുള്ളവരെ എത്തിച്ചു. ഇന്ന്, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഐബിഎം തുടങ്ങിയ കമ്പനികളുടെ തലപ്പത്ത് ഇന്ത്യന്‍ വംശജരായ ഉദ്യോഗസ്ഥരുണ്ട്. കൂടാതെ, അമേരിക്കയിലെ ഡോക്ടര്‍മാരുടെ 6% ഇന്ത്യന്‍ ഡോക്ടര്‍മാരാണ്.
H-1B വിസയുടെ ഭൂരിഭാഗവും ഇന്ത്യക്കാര്‍ക്ക്
അടുത്തിടെയായി H-1B വിസ ലഭിച്ചവരില്‍ 70% ത്തിലധികം പേരും ഇന്ത്യക്കാരാണ്. ചൈനയാണ് രണ്ടാം സ്ഥാനത്ത്, അവര്‍ക്ക് ഏകദേശം 12% വിസകളാണ് ലഭിച്ചത്. ടെക് മേഖലയില്‍ ഈ കണക്കുകള്‍ ഇതിലും കൂടുതലാണ്. 2015-ലെ ഒരു പഠനം അനുസരിച്ച്, കമ്പ്യൂട്ടര്‍ ജോലികളില്‍ 80% ലധികം ലഭിച്ചത് ഇന്ത്യക്കാര്‍ക്കാണ്. ഈ കണക്കുകള്‍ ഇപ്പോഴും വലിയ മാറ്റം വന്നിട്ടില്ലെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. 2023-ല്‍ 8,200-ലധികം H-1B വിസകള്‍ ജനറല്‍ മെഡിസിന്‍, സര്‍ജറി രംഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലഭിച്ചു. വിദേശത്ത് നിന്ന് വരുന്ന ഡോക്ടര്‍മാരുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഇവര്‍ മൊത്തം വിദേശ ഡോക്ടര്‍മാരുടെ 22% വരും. അമേരിക്കന്‍ ഡോക്ടര്‍മാരില്‍ നാലിലൊന്ന് വിദേശികളാണ്. ഇതില്‍ ഏകദേശം 5-6% ഇന്ത്യക്കാരായ H-1B വിസക്കാരാണ്. 2023-ല്‍ H-1B വിസയില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവരുടെ ശരാശരി ശമ്പളം 94,000 ഡോളറായിരുന്നു. 100,000 ഡോളര്‍ ഫീസ് പുതിയ ആളുകളെയാണ് ലക്ഷ്യമിടുന്നത്. അതിനാല്‍, ഭൂരിഭാഗം പേര്‍ക്കും ഈ ഫീസ് കൊടുക്കാന്‍ പോലുമുള്ള ശമ്പളം കിട്ടില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ഇന്ത്യക്ക് തിരിച്ചടി, അമേരിക്കക്ക് ദീര്‍ഘകാല നഷ്ടം
പുതിയ ഫീസ് ഇന്ത്യക്ക് തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെങ്കിലും, അതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ അമേരിക്കയെയാണ് കൂടുതല്‍ ബാധിക്കുക. ടിസിഎസ്, ഇന്‍ഫോസിസ് പോലുള്ള ഇന്ത്യന്‍ ഐടി ഭീമന്‍മാര്‍ ഇതിനെ നേരിടാന്‍ പ്രാദേശികമായി ജീവനക്കാരെ നിയമിച്ചും, ജോലികള്‍ വിദേശത്തേക്ക് മാറ്റിയും തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. 2023-ല്‍ H-1B വിസ നല്‍കുന്ന ആദ്യ പത്ത് കമ്പനികളില്‍ മൂന്നെണ്ണത്തിന് മാത്രമേ ഇന്ത്യയുമായി ബന്ധമുള്ളൂ. 2016-ല്‍ ഇത് ആറെണ്ണമായിരുന്നു. അമേരിക്കന്‍ വിപണിയില്‍ നിന്ന് പകുതിയിലധികം വരുമാനം നേടുന്ന ഇന്ത്യയുടെ ഐടി മേഖലയെ ഈ തീരുമാനം പ്രതികൂലമായി ബാധിച്ചേക്കാം. വിസ ഫീസ് വര്‍ധന് ചില പദ്ധതികളുടെ തുടര്‍ച്ചയെ തടസ്സപ്പെടുത്തുമെന്ന് നാസ്‌കോം പറയുന്നു. നിയമപരമായ അനിശ്ചിതത്വങ്ങള്‍ മാറുന്നത് വരെ ക്ലയന്റുകള്‍ വിലപേശുകയോ, പദ്ധതികള്‍ വൈകിപ്പിക്കുകയോ ചെയ്യാം. ഇത് കമ്പനികളെ ജോലികള്‍ വിദേശത്തേക്ക് മാറ്റാനും, അമേരിക്കയിലെ ജോലികള്‍ കുറയ്ക്കാനും, സ്‌പോണ്‍സര്‍ഷിപ്പ് തീരുമാനങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ എടുക്കാനും പ്രേരിപ്പിച്ചേക്കാം.
വലിയ കമ്പനികളെക്കാള്‍ H-1B വിസക്കാരെ കൂടുതല്‍ ആശ്രയിക്കുന്ന ആശുപത്രികള്‍, സര്‍വ്വകലാശാലകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയെ ഈ തീരുമാനം കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുണ്ട്. ടെക്, മെഡിസിന്‍ തുടങ്ങിയ മേഖലകളില്‍ പുതിയ തൊഴിലാളികള്‍ക്ക് ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍, ഏതാനും വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു തൊഴിലാളി ക്ഷാമം അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വരും വര്‍ഷങ്ങളില്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ ഇത് കാരണമാകും. കാരണം, ഭൂരിഭാഗം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും സ്ഥിരമായി താമസിക്കാന്‍ സാധ്യതയുള്ള രാജ്യങ്ങള്‍ തിരഞ്ഞെടുക്കും. അമേരിക്കയിലെ നാല് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. ഈ മാറ്റം വിദേശ തൊഴിലാളികള്‍ക്ക് മേലുള്ള നികുതി എന്നതിനേക്കാള്‍, അമേരിക്കന്‍ കമ്പനികള്‍ക്കും സമ്പദ്വ്യവസ്ഥയ്ക്കും ഒരു അഗ്‌നിപരീക്ഷയാണ്. H-1B വിസക്കാരും അവരുടെ കുടുംബങ്ങളും ചേര്‍ന്ന് പ്രതിവര്‍ഷം 86 ബില്യണ്‍ ഡോളറാണ് അമേരിക്കന്‍ സമ്പദ്വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യുന്നത്.


