ട്രംപ് അധികാരമേറ്റ ദിവസം അമേരിക്കയുടെ ശരാശരി താരിഫ് നിരക്ക് ഏകദേശം 2.5 ശതമാനമായിരുന്നു. എന്നാല്‍, നിലവില്‍ ഇത് 17-19 ശതമാനമായി ഉയര്‍ന്നു

ഡൊണാള്‍ഡ് ട്രംപ് ആരംഭിച്ച വ്യാപാരയുദ്ധത്തില്‍ അമേരിക്ക വിജയിക്കുന്നതായി ഒറ്റനോട്ടത്തില്‍ തോന്നാമെങ്കിലും, യഥാര്‍ത്ഥത്തില്‍ രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാന വ്യാപാര പങ്കാളികളെ വരുതിയിലാക്കി, ഇറക്കുമതിക്ക് ഇരട്ടയക്ക തീരുവ ചുമത്തി, വ്യാപാര കമ്മി കുറച്ച്, കോടിക്കണക്കിന് ഡോളര്‍ വരുമാനം ഖജനാവിലെത്തിക്കാനുള്ള ട്രംപിന്റെ നയങ്ങള്‍ വലിയ വെല്ലുവിളികള്‍ നേരിടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

ട്രംപ് അധികാരമേറ്റ ദിവസം അമേരിക്കയുടെ ശരാശരി താരിഫ് നിരക്ക് ഏകദേശം 2.5 ശതമാനമായിരുന്നു. എന്നാല്‍, നിലവില്‍ ഇത് 17-19 ശതമാനമായി ഉയര്‍ന്നു. അറ്റ്‌ലാന്റിക് കൗണ്‍സിലിന്റെ കണക്കനുസരിച്ച് ഇത് 20 ശതമാനത്തിന് അടുത്തേക്ക് എത്താനാണ് സാധ്യത. നൂറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന താരിഫ് നിരക്കാണിത്. വ്യാപാര പങ്കാളികള്‍ കാര്യമായ പ്രതികാര നടപടികളിലേക്ക് കടക്കാതിരുന്നത് ആഗോള സമ്പദ്വ്യവസ്ഥയെ കൂടുതല്‍ വലിയൊരു തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. താരിഫ് വര്‍ധനവ് യുഎസിലെ തൊഴില്‍, വളര്‍ച്ച, പണപ്പെരുപ്പം എന്നിവയെ ബാധിച്ചുതുടങ്ങിയതായി ചില കണക്കുകള്‍ സൂചിപ്പിക്കുന്നു.

ട്രംപ് മറ്റ് രാജ്യങ്ങളില്‍ നിന്ന് വലിയ ഇളവുകള്‍ നേടുന്നുണ്ടെങ്കിലും സാമ്പത്തികമായി അദ്ദേഹം ഈ വ്യാപാരയുദ്ധത്തില്‍ വിജയിക്കുന്നില്ലെന്ന് അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സാമ്പത്തിക നയ വിഭാഗം മേധാവി മൈക്കല്‍ സ്‌ട്രെയിന്‍ പറഞ്ഞു. മറ്റ് രാജ്യങ്ങള്‍ സ്വന്തം ജനതയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കാന്‍ മടിക്കുമ്പോള്‍, ട്രംപ് അമേരിക്കന്‍ ജനതയ്ക്ക് സാമ്പത്തിക പ്രയാസങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഇത് ഒരു തോല്‍വിയായിട്ടാണ് താന്‍ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പാളിച്ചകളും വെല്ലുവിളികളും

ട്രംപ് ഇതുവരെ യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ബ്രിട്ടന്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, ഇന്തോനേഷ്യ, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളുമായി എട്ട് കരാറുകള്‍ ഒപ്പിട്ടിട്ടുണ്ട്. ഇവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് 10 മുതല്‍ 20 ശതമാനം വരെ താരിഫ് ചുമത്തുന്നുണ്ട്. ട്രംപ് ഭരണകൂടം നേരത്തെ പ്രഖ്യാപിച്ച '90 ദിവസത്തിനുള്ളില്‍ 90 കരാറുകള്‍' എന്ന ലക്ഷ്യത്തില്‍ നിന്ന് ഇത് വളരെ പിന്നിലാണ്. എങ്കിലും, ഇത് യുഎസ് വ്യാപാരത്തിന്റെ ഏകദേശം 40 ശതമാനം വരും. ഇതിനോടൊപ്പം ചൈനയെക്കൂടി ചേര്‍ത്താല്‍ ഇത് 54 ശതമാനമാകും. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് നിലവില്‍ 30 ശതമാനം താരിഫാണുള്ളത്.

ട്രംപിന്റെ താരിഫ് നയങ്ങള്‍ പലപ്പോഴും പെട്ടെന്നുള്ള തീരുമാനങ്ങളായിരുന്നു. കഴിഞ്ഞ ദിവസം റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്തതിന്റെ പേരില്‍ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ താരിഫ് 25 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്തി. ബ്രസീലില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്കും ഇതേ നിരക്ക് ചുമത്തി. സ്വിറ്റ്‌സര്‍ലന്‍ഡുമായി ട്രംപ് നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം അവരുടെ ഉല്‍പ്പന്നങ്ങള്‍ക്കും 39 ശതമാനം താരിഫ് ഏര്‍പ്പെടുത്തി.

ട്രംപിന്റെ താരിഫ് നയങ്ങള്‍ക്കെതിരെ നിയമപരമായ വെല്ലുവിളികളും ശക്തമാണ്. 1977-ലെ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി എക്കണോമിക് പവേഴ്‌സ് ആക്ട് ഉപയോഗിച്ച് താരിഫ് ചുമത്തിയതിനെതിരെയുള്ള കേസ് കോടതിയില്‍ എത്തിയിട്ടുണ്ട്. ശത്രുരാജ്യങ്ങളെ ഉപരോധിക്കാനോ അവരുടെ ആസ്തികള്‍ മരവിപ്പിക്കാനോ ഉപയോഗിക്കുന്ന ഈ നിയമം താരിഫ് ചുമത്താന്‍ ഉപയോഗിക്കുന്നത് എത്രത്തോളം ശരിയാണെന്ന് കോടതിക്ക് തീരുമാനിക്കേണ്ടിവരും. ഈ കേസ് സുപ്രീം കോടതിയില്‍ എത്താനാണ് സാധ്യത. ഇതെല്ലാം ട്രംപിന്റെ വ്യാപാരയുദ്ധ നയങ്ങള്‍ക്ക് തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.