വിദേശത്ത് നിന്ന് പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ അയക്കുന്നവര്‍ക്ക് ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വന്ന ശേഷം വന്‍ അടിയാണ് കിട്ടിയത്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചില നികുതികളില്‍ ഇളവ് നല്‍കിയെങ്കിലും വിദേശികളുടെ കാര്യത്തില്‍ ഇത് കാര്യമായ ഫലമൊന്നും ഉണ്ടാക്കില്ല.
വിദേശത്ത് നിന്ന് സാധാരണ അല്‍പ്പം വിലകൂടിയ സാധനങ്ങളൊക്കെയാണ് സാധാരണ സമ്മാനങ്ങളായി അയക്കുന്നത്. ഇതിന് ഇനിയും വന്‍തുക നികുതി നല്‍കേണ്ടി വരും. 5000 രൂപ വരെ മൂല്യമുള്ള സമ്മാനങ്ങള്‍ക്ക് മാത്രമേ ജി.എസ്.ടിയിലെ ഇളവ് ലഭിക്കുകയുള്ളൂ. 20,000 രൂപ വരെ മൂല്യമുള്ള സമ്മാനങ്ങളെങ്കിലും നികുതിയില്‍ നിന്നൊഴിവാക്കണമെന്ന് ആവശ്യമുണ്ടായിരുന്നെങ്കിലും ജി.എസ്.ടി കൗണ്‍സില്‍ ഇത് പരിഗണിച്ചില്ല. ജൂലൈ ഒന്നിന് ജി.എസ്.ടി പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് വിദേശത്ത് നിന്ന് അയക്കുന്ന 20,000 രൂപ വരെയുള്ള സമ്മാനങ്ങള്‍ക്ക് ഒരു തരത്തിലുമുള്ള നികുതികള്‍ ബാധകമായിരുന്നില്ല. പ്രവാസികള്‍ നാട്ടിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ജന്മദിനം പോലുള്ള വിശേഷ സന്ദര്‍ഭങ്ങളില്‍ സമ്മാനങ്ങള്‍ അയയ്ക്കാന്‍ ഈ ഇളവ് കാര്യമായി പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നു. ധാരാളമായി ഈ സൗകര്യം ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍, 28% ജി.എസ്.ടിയാണ് ഇപ്പോള്‍ ഈടാക്കുന്നത്. ഇതിന് പുറമെ 2000 രൂപയ്ക്ക് മുകളിലുള്ള സാധനങ്ങള്‍ക്ക് കസ്റ്റംസ് തീരുവയില്‍ ഇളവും ലഭിക്കില്ല. നിരവധി കൊറിയര്‍ സര്‍വ്വീസുകള്‍ക്ക് നാട്ടിലേക്ക് സമ്മാനങ്ങള്‍ അയക്കാന്‍ പ്രത്യേകം പാക്കേജുകളും ഉണ്ടായിരുന്നു. എന്നാല്‍ വന്‍തുക നികുതി ബാധ്യത വന്നതോടെ സമ്മാനങ്ങള്‍ അയക്കുന്ന അവസ്ഥ ഏതാണ്ട് നിലച്ച മട്ടാണ്.
ഇറക്കുമതി തീരുവയും സെസും ജി.എസ്.ടുയുമടക്കം 41% വരെ നികുതി അടയ്‌ക്കേണ്ട സ്ഥിതിയാണുണ്ടായിരുന്നത്. നേരിയ ഇളവ് ലഭിച്ചതോടെ കുറച്ച് പേരെങ്കിലും ഇനിയും സമ്മാനങ്ങള്‍ അയക്കാന്‍ മുതിരുമെന്നാണ് കൊറിയര്‍ ഏജന്‍സികളുടെ കണക്കുകൂട്ടല്‍. എന്നാല്‍ ആറു മാസത്തിലൊരിക്കല്‍ മാത്രമേ 5000 രൂപയുടെ ഇളവിന് അര്‍ഹതയുള്ളൂവെന്ന നിബന്ധനയും വെച്ചിട്ടുണ്ട്.
