Asianet News MalayalamAsianet News Malayalam

5ജി സേവനം: പ്രാരംഭ നടപടികള്‍ തുടങ്ങി

  • പുതിയ സ്‌പെക്ട്രത്തില്‍ സിഗ്നല്‍ കവറേജ് കുറയുമെങ്കിലും ഡാറ്റ കൈമാറ്റത്തിന്റെ വേഗത പലമടങ്ങായി വര്‍ധിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്
5 g service

ദില്ലി: റിലയന്‍സ് ജിയോയുടെ വരവോടെ 4ജി വിപ്ലവത്തിനും ഡാറ്റ യുദ്ധത്തിനും സാക്ഷ്യം വഹിച്ച ഇന്ത്യ പ്രതീക്ഷിച്ചതിലും നേരത്തെ 5ജിയിലേക്ക് കടക്കുമെന്ന് സൂചന. 5ജി ലേലത്തിനും സേവനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചെന്ന് ടെലികോം വകുപ്പ് സെക്രട്ടറി വ്യക്തമാക്കി. 

2600 മെഗാഹെര്‍ട്‌സിന് താഴെയുള്ള സ്‌പെക്ട്രം ബാന്‍ഡിലാണ് നിലവില്‍ ഫോര്‍ജി സര്‍വീസ് നടക്കുന്നത്. പുതിയ സ്‌പെക്ട്രത്തില്‍ സിഗ്നല്‍ കവറേജ് കുറയുമെങ്കിലും ഡാറ്റ കൈമാറ്റത്തിന്റെ വേഗത പലമടങ്ങായി വര്‍ധിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. 

3500 മെഗാഹെര്‍ട്‌സ്,700 മെഗാഹെര്‍ട്‌സ്, 26 ജിഗാഹെര്‍ട്‌സ് ബാന്‍ഡുകള്‍, വി,ഇ ബാന്‍ഡ് സ്‌പെക്ട്രങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ 5ജി സര്‍വീസ് നടക്കുമെന്നാണ് സൂചന. ഓട്ടോമേറ്റഡ് കാറുകള്‍,റോബോട്ടിക് ശസ്ത്രക്രിയ, വിദ്യാഭ്യാസആവശ്യങ്ങള്‍ എന്നിവയ്ക്കായി 5ജി ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള പരീക്ഷണങ്ങള്‍ ഇതിനോടകം ഇന്ത്യയില്‍ തുടങ്ങിയിട്ടുണ്ട്. കാര്‍ഷിക രംഗത്തും 5ജി സേവനം ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ സജീവമാക്കണമെന്ന് കേന്ദ്രമന്ത്രി മനോജ് സിന്‍ഹ ടെക് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

രാജ്യത്തെ പ്രമുഖ ടെക് കമ്പനികളെല്ലാം 5ജി സേവനത്തില്‍ നേട്ടമുണ്ടാക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. ഒരു പ്രമുഖ ചിപ്പ് സെറ്റ് കമ്പനി ഇന്റെര്‍നെറ്റ് അധിഷ്ഠിത സേവനങ്ങളുടെ പ്രധാനവിപണിയായി ഇന്ത്യ മാറുമെന്നാണ് പ്രതീക്ഷയും ഇവിടെ പ്രവര്‍ത്തനം ശക്തമാക്കാന്‍ താത്പര്യമുണ്ടെന്നും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഗോളതലത്തില്‍ തന്നെ ആദ്യം 5ജി ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയെ എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

5ജി സേവനത്തിനുള്ള മാനദണ്ഡം ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ അടുത്ത വര്‍ഷം നിശ്ചയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ തീരുമാനമായാല്‍ പിന്നെ താമസമില്ലാതെ രാജ്യവ്യാപകമായി 5ജി സേവനത്തിന് തുടക്കമിടാന്‍ സാധിക്കുമെന്ന് ഭാരതി എയര്‍ടെല്‍ മേധാവി സുനില്‍ മിത്തല്‍ പറയുന്നു. 

ഇതിനു മുന്‍പായി ഇന്ത്യയില്‍ ശക്തമായ 5ജി നെറ്റ് വര്‍ക്ക്ഒരുക്കാനുള്ള ശ്രമത്തിലാണ് ആഗോള കമ്പനികളായ വിവോ, എറിക്‌സണ്‍, നോക്കിയ,എന്‍ടിടി,സാംസംഗ്, സെഡ്ടിഇ തുടങ്ങിയവര്‍. ആഗോളകമ്പനികള്‍ ഇന്ത്യയില്‍ 5ജി വിപ്ലവം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയെങ്കിലും ഇന്ത്യന്‍ കമ്പനികള്‍ ഇക്കാര്യത്തില്‍ പിന്നോക്കമാണെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ ചൂണ്ടിക്കാട്ടുന്നു. 5ജി സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ കമ്പനികള്‍ പിന്നോക്കം നില്‍ക്കുകയാണ്. നിലവില്‍ സി-ഡാക് ഒരു എംടുഎം പ്ലാറ്റ്‌ഫോം 5ജി സേവനത്തിനായി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ടെലികോം സെക്രട്ടറി അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios