ഇന്‍ഡിഗോ, ഗോ എയര്‍ കമ്പനികളുടെ സര്‍വ്വീസുകളാണ് മുടങ്ങിയത്. 626 സര്‍വ്വീസുകള്‍ ഉപേക്ഷിച്ചതില്‍ 488 എണ്ണം ഇന്‍ഡിഗോയുടേയും 138 എണ്ണം ഗോ എയറിന്റേതുമാണ്.

മുംബൈ: കേന്ദ്ര സിവില്‍ വ്യോമയാന ഡയറക്ടറേറ്റിന്റെ വിലക്കിനെ തുടര്‍ന്ന് രാജ്യത്ത് കഴിഞ്ഞ ഏതാനും ദിവസത്തിനിടെ റദ്ദാക്കപ്പെട്ടത് 626 വിമാന സര്‍വ്വീസുകള്‍. എഞ്ചിനില്‍ തകരാര്‍ കണ്ടെത്തിയ വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വ്വീസ് നടത്താന്‍ അനുമതി നല്‍കില്ലെന്ന് വ്യോമയാന ഡയറക്ടറേറ്റ് കടുത്ത നിലപാടെടുത്തതോടെയാണ് സര്‍വ്വീസുകള്‍ റദ്ദാക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതമായത്.

ഇന്‍ഡിഗോ, ഗോ എയര്‍ കമ്പനികളുടെ സര്‍വ്വീസുകളാണ് മുടങ്ങിയത്. 626 സര്‍വ്വീസുകള്‍ ഉപേക്ഷിച്ചതില്‍ 488 എണ്ണം ഇന്‍ഡിഗോയുടേയും 138 എണ്ണം ഗോ എയറിന്റേതുമാണ്. അമേരിക്കന്‍ കമ്പനിയായ ഡബ്ല്യുവിന്റെ വിമാന എന്‍ജിനുകളില്‍ തകരാര്‍ കണ്ടെത്തിയതോടെയാണ് രാജ്യത്തും ഇവ ഘടിപ്പിച്ച എ-320 നിയോ മോഡല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത് കേന്ദ്ര സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് നിര്‍ദേശിച്ചത്. ഇന്‍ഡിഗോയ്‌ക്കും ഗോ എയറിനുമായി ഇത്തരത്തിലുള്ള 45 വിമാനങ്ങളാണുള്ളത്. ഇവയില്‍ 14 എണ്ണം ഇതിനോടകം തന്നെ സര്‍വീസ് നിര്‍ത്തിയെന്നാണ് കമ്പനികള്‍ അറിയിച്ചിരിക്കുന്നത്.

റദ്ദാക്കപ്പെട്ട വിമാനങ്ങളില്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന യാത്രക്കാര്‍ക്ക് പകരം സംവിധാനം ഒരുക്കുമെന്നും നഷ്ടപരിഹാരം നല്‍കുമെന്നുമൊക്കെയാണ് കമ്പനികളുടെ വാഗ്ദാനം.