അബുദാബി: വാഹനത്തിന് ഇഷ്ട നമ്പര്‍ സ്വന്തമാക്കാന്‍ ലക്ഷങ്ങളൊക്കെ സ്വന്തമാക്കുന്നവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇടയ്ക്കിടെ കേള്‍ക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം അബൂദാബിയില്‍ നടന്ന നമ്പര്‍ ലേലത്തില്‍ നമ്പര്‍ 2 വിറ്റുപോയത് 10,000,000 ദിര്‍ഹത്തിനായിരുന്നു (ഏകദേശം 17 കോടി ഇന്ത്യന്‍ രൂപ). സ്വന്തമാക്കിയതാവട്ടെ 23 വയസുകാരനായ സ്വദേശി യുവാവും.

വ്യവസായിയായ അഹമ്മദ് അൽ മർസൂഖിയാണ് കഴിഞ്ഞ ദിവസം എമിറേറ്റ്സ് പാലസ് ഹോട്ടലിൽ നടന്ന ലേലത്തിലാണ് ഭീമമായ തുക നൽകി നമ്പർ സ്വന്തമാക്കിയത്. അറുപതോളം ഫാൻസി നമ്പറുകളാണ് കഴിഞ്ഞ ദിവസം ലേലം ചെയ്തത്. ഇതില്‍ 2 തന്നെ സ്വന്തമാക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള നമ്പറാണ് 2 എന്നായിരുന്നു അദ്ദേഹം ലേലത്തില്‍ പങ്കെടുക്കാന്‍ കാരണം പറഞ്ഞത്. യു.എ.ഇ രൂപകൃതമായത് ഡിസംബര്‍ രണ്ടിനാണ്. 50 ലക്ഷം ദിര്‍ഹമായിരുന്നു നമ്പര്‍ രണ്ടിന് അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്.