ദില്ലി: സാധാരണക്കാര്‍ക്കും വിമാനത്തില്‍ സഞ്ചരിക്കാന്‍ അവസരമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ഉഡാന്‍ പദ്ധതിയെക്കുറിച്ച് കേന്ദ്ര ബജറ്റില്‍ കാര്യമായ പ്രഖ്യാപനങ്ങളാണുണ്ടായത്. വ്യോമയാന രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് പദ്ധതികളെല്ലാം. അതേസമയം വിമാന ടിക്കറ്റ് നിരക്കില്‍ കുറവുണ്ടാകില്ല.
വിമാന ഇന്ധനത്തിന്റെ നികുതി കുറയ്‌ക്കാനുള്ള പ്രഖ്യാപനം ബജറ്റില്‍ പ്രതീക്ഷപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. അതുകൊണ്ടുതന്നെ വിമാന ടിക്കറ്റ് നിരക്കിലും കുറവുണ്ടാകുമെന്ന പ്രതീക്ഷയും വെറുതെയാകുന്നു. എന്നാല്‍ പ്രതിവര്‍ഷം 100 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാവുന്ന തരത്തില്‍ വിമാനത്താവളിലെയും ഹെലിപാഡുകളിലെയും സൗകര്യം അഞ്ചിരട്ടിയാക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതികളുണ്ട്. പുതുതായി 56 വിമാനത്താവളങ്ങളും 31 ഹെലിപാഡുകളും ഉഡാന്‍ പദ്ധതിയില്‍ കൂട്ടിച്ചേര്‍ക്കും. കണ്ണൂര്‍ ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
