നിലവില്‍ 43 അന്താരാഷ്ട്ര റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന എയര്‍ ഇന്ത്യക്ക് ഈ രംഗത്ത് 17 ശതമാനം വിപണി വിഹിതമാണുള്ളത്.

ദില്ലി: പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര സര്‍വ്വീസുകളില്‍ ഇന്നുമുതല്‍ മഹാരാജ ക്ലാസ് സീറ്റുകള്‍ കൂടി ലഭ്യമാവും. നിലവിലുള്ള ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് സീറ്റുകള്‍ പരിഷ്കരിച്ച് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ വാദ്ഗാനം ചെയ്താണ് മഹാരാജ ക്ലാസ് തയ്യാറാക്കിയിരിക്കുന്നത്.

ഇപ്പോഴുള്ള ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസുകളുടെ ഒരു ഭാഗം ഇനി മുതല്‍ ഇത്തരത്തില്‍ സജ്ജീകരിക്കും. കൂടുതല്‍ സുഖകരമായ സീറ്റുകളും ശയ്യോപകരണങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കും. ഇവിടെ ലഭ്യമാവുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും ഏറെ പുതുമകളുണ്ടാകും. മഹാരാജാ ക്ലാസിലെ ജീവനക്കാരുടെ വസ്ത്രധാരണം വരെ പരിഷ്കരിച്ചിട്ടുണ്ടെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സര്‍വ്വീസ് നടത്തുന്ന ബോയിങ് 777, ബോയിങ് 787 വിമാനങ്ങളിലാണ് പുതിയ ക്ലാസ് സജ്ജീകരിക്കുന്നത്.

നിലവില്‍ 43 അന്താരാഷ്ട്ര റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന എയര്‍ ഇന്ത്യക്ക് ഈ രംഗത്ത് 17 ശതമാനം വിപണി വിഹിതമാണുള്ളത്. ഉപഭോക്തക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട യാത്രാ അനുഭവം സമ്മാനിച്ച് പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളാണ് എയര്‍ ഇന്ത്യ നടത്തുന്നത്.