കൊച്ചി: അക്ഷയ തൃതീയ ദിനമായ ഇന്നത്തെ സ്വര്‍ണ വില്‍പനയില്‍ വ്യാപാരികള്‍ക്കു വന്‍ പ്രതീക്ഷ. 20 മുതല്‍ 30 ശതമാനം വരെ വര്‍ധനയാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്. സ്വര്‍ണം അടിസ്ഥാനമാക്കിയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടു (ഗോള്‍ഡ് ഇടിഎഫ്) കളിലും സര്‍ക്കാരിന്റെ ഗോള്‍ഡ് ബോണ്ടുകളിലും മെച്ചപ്പെട്ട വ്യാപാരം പ്രതീക്ഷിക്കുന്നുണ്ട്.

സ്വര്‍ണ, വജ്ര വ്യവസായവുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികളിലും വര്‍ധിച്ച തോതിലുള്ള ഇടപാടുകളാണ് പ്രതീക്ഷിക്കുന്നത്. പൂജിച്ച സ്വര്‍ണ ലോക്കറ്റുകളുടെ വിതരണത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കുമെന്ന് അറിയിപ്പുണ്ട്. അക്ഷയ തൃതീയ ദിനത്തോടനുബന്ധിച്ച വില്‍പന വര്‍ധിപ്പിക്കാന്‍ വ്യാപാരികളില്‍ നിന്നുള്ള വാഗ്ദാനങ്ങള്‍ ഏറെയാണ്. ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളും സജീവമായി രംഗത്തുണ്ട്. ഏറ്റവും കൂടുതല്‍ വില്‍പന പ്രതീക്ഷിക്കുന്നതു തമിഴ്‌നാട്ടിലാണ്.