സെക്യൂരിറ്റി പ്രിന്റിങ് ആന്റ് മിന്റിങ് കോര്‍പറേഷന്റെ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഭോപ്പാലിലെ പ്രസില്‍ നിന്ന് ദിവസവും മൂന്ന് ലോഡ് നോട്ടുകളാണ് ഭോപ്പാല്‍ വിമാനത്താവളത്തിലേക്ക് അയക്കുന്നത്. അവിടെ നിന്ന് വിമാനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ബാങ്കുകളിലുള്ള റിസര്‍വ് ബാങ്ക് കറന്‍സി ചെസ്റ്റുകളിലേക്കാണ് നോട്ടുകള്‍ കൊണ്ടുപോകുന്നത്. നേരത്തെ 20, 50, 100, 500 രൂപാ നോട്ടുകള്‍ അച്ചടിച്ചിരുന്ന പ്രസില്‍ നോട്ട് പിന്‍വലിക്കലിന് ശേഷം പുതിയ 500 രൂപാ നോട്ടുകള്‍ മാത്രമാണ് അച്ചടിക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു.
പരിചയ സമ്പന്നരായ വിരമിച്ച ജീവനക്കാരെ തിരിച്ചു വിളിച്ചതിനൊപ്പം ജീവനക്കാരുടെ ലീവും പ്രതിവാരം അവധിയുമെല്ലാം റദ്ദാക്കിയിരിക്കുകയാണ്. ഭക്ഷണം കഴിക്കാന്‍ പോലും പ്രത്യേകം സമയം ജീവനക്കാര്‍ക്ക് നല്‍കില്ല. പ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടാത്ത രീതിയില്‍ സമയം കിട്ടുമ്പോള്‍ ഭക്ഷണം കഴിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ പടിപടിയായി ജീവനക്കാരുടെ എണ്ണം കുറച്ചുകൊണ്ടുവന്നത് നോട്ട് പിന്‍വലിക്കല്‍ സമയത്ത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചതെന്ന് ജീവനക്കാര്‍ പറയുന്നു. തുടര്‍ന്ന് ഏതുവിധേനയും എത്രയും പെട്ടെന്ന് നോട്ടുകള്‍ അച്ചടിക്കണമെന്ന നിര്‍ദ്ദേശം കിട്ടിയതോടെ വിരമിച്ച ജീവനക്കാരെ തിരിച്ചുവിളിക്കുകയായിരുന്നു.
അടുത്ത ബന്ധുക്കളുടെയടക്കം വിവാഹ ചടങ്ങുകളില്‍ പോലും പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ജീവനക്കാര്‍ക്ക് അതിലൊന്നും പരാതിയില്ല. അധിക ജോലിഭാരം കണക്കിലെടുത്ത് മികച്ച അലവന്‍സാണ് സര്‍ക്കാര്‍ ഇവര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമേ നിര്‍ണ്ണായകമായ സാഹചര്യത്തില്‍ രാജ്യത്തിന് വേണ്ടി പരിശ്രമിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ജീവനക്കാര്‍ പറയുന്നു. മദ്ധ്യപ്രദേശില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സെക്യൂരിറ്റി പേപ്പര്‍ മില്ലിലും റെക്കോര്‍ഡ് വേഗത്തിലാണ് പ്രവര്‍ത്തനം നടക്കുന്നത്. നോട്ടുകള്‍ അച്ചടിക്കേണ്ട പേപ്പര്‍ ഇവിടെ നിന്നാണ് എല്ലാ പ്രസുകളിലേക്കും എത്തിക്കുന്നത്. 1200 ജീവനക്കാര്‍ ഇവിടെയും രാപ്പകില്ലാതെ ജോലി ചെയ്യുകയാണ്.
