ദില്ലി: ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണവും വില്‍പനയും പിന്തുണയ്ക്കുന്ന രീതിയിലുള്ള ഇളുവകള്‍ സര്‍ക്കാര്‍ വൈകാതെ പ്രഖ്യാപിക്കുമെന്ന് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് പറഞ്ഞു. റോഡ് നികുതിയടക്കമുള്ളവയില്‍ ഇളവു നല്‍കി ഇലക്ട്രിക്ക് വാഹനവ്യവസായത്തെ ഉത്തേജിപ്പിക്കാനും അതുവഴി ജിഡിപിയില്‍ വര്‍ധനയും കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കാനുമാണ് സര്‍ക്കാര്‍  ഉദ്ദേശിക്കുന്നതെന്ന് അമിതാഭ് കാന്ത് വിശദീകരിക്കുന്നു. 

ഭാവിയില്‍ ഇലക്ട്രിക്ക് കാറുകളുടേയും ബാറ്ററികളുടേയും ഇന്ററോപെറബിള്‍ ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടേയും പ്രധാനവിപണിയായി ഇന്ത്യ മാറും. വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും മലിനീകരണതോത് കുറയ്ക്കാനും ഇതുവഴി സാധിക്കും. അതേ സമയം നിലവിലെ വാഹനവിപണിയെ തകര്‍ക്കാതെയാവും പുതിയ പരിഷ്‌കാരങ്ങളെല്ലാം കൊണ്ടു വരികയെന്നും അമിതാഭ് കാന്ത് പറയുന്നു. 

രാജ്യത്തിന്റെ മൊത്തം ജിഡിപിയുടെ 7.2 ശതമാനം മോട്ടോര്‍ വാഹന-അനുബന്ധ വ്യവസായങ്ങളില്‍ നിന്നാണ്. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയില്‍ നിര്‍ണായക പങ്കാണ് മോട്ടോര്‍  വാഹനവിപണിക്കുള്ളത് അമിതാഭ് കാന്ത് ചൂണ്ടിക്കാട്ടി. രാജ്യത്തെ ഇലക്ട്രിക്ക് വാഹനരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ഉടനെയുണ്ടാവുമെന്ന് നേരത്തെ കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിയും പീയുഷ് ചൗളയും പറഞ്ഞിരുന്നു. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തെ നിരത്തുകളില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ നിറയുമെന്ന് ഗഡ്കരി പറഞ്ഞപ്പോള്‍ 2030-ഓടെ രാജ്യത്ത് 100 ശതമാനവും ഇലക്ട്രിക്ക് വാഹനങ്ങളായിരിക്കുമെന്നായിരുന്നു പീയുഷ് ഗോയലിന്റെ പ്രവചനം.