കച്ചവടം കുറഞ്ഞതിന് റ്റിം കുക്കിന്റെ ശമ്പളം കുറയ്ക്കാനാണ് കമ്പനി തീരുമാനിച്ചത്. 15 ശതമാനം കുറവാണ് അദ്ദേഹത്തിന്റെ വേതനത്തില്‍ വരുത്തിയത്‍. വെള്ളിയാഴ്ച കമ്പനി പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമായത്. വില്‍പ്പനയിലും ലാഭത്തിലും പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞ വര്‍ഷം ആപ്പിളിന് കഴിഞ്ഞില്ലെന്നാണ് വിലയിരുത്തല്‍. 15 വര്‍ഷത്തിനിടെ ആദ്യമായാണത്രെ ആപ്പിളിന്റെ വരുമാനത്തില്‍ കുറവ് വരുന്നത്. സി.ഇ.ഒക്ക് പുറമെ തലപ്പത്തുള്ള മറ്റുള്ളവരുടെയും ശമ്പളം കുറച്ചെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2015ല്‍ എട്ട് മില്യന്‍ ഡോളറായിരുന്നു കുക്കിന്റെ ശമ്പളമെങ്കില്‍ അത് 2016ല്‍ 5.4മില്യന്‍ ഡോളറായി കുറച്ചു. ആനുകൂല്യങ്ങളെല്ലാം ചേര്‍ത്ത് 10.3 മില്യന്‍ ഡോളര്‍ ശമ്പളം വാങ്ങിയിരുന്ന കുക്കിന് പോയ വര്‍ഷം 8.7 മില്യന്‍ ഡോളറേ ആപ്പിള്‍ നല്‍കിയുള്ളൂവെന്ന് സാരം. എന്നാല്‍ ആപ്പിളിന്റെ ഓഹരികള്‍ ഏറെ കൈവശമുള്ള കുക്കിന്റെ ശമ്പളത്തില്‍ വലിയ കാര്യമൊന്നുമില്ലെന്നാണ് യാഥാര്‍ത്ഥ്യം. ശമ്പളത്തിന്റെ എത്രയോ ഇരട്ടി ലാഭവിഹിതമായി അദ്ദേഹം കൈപ്പറ്റുന്നുണ്ടെന്ന് സാരം.