പാപ്പരാകുന്ന ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാനെന്ന പേരില്‍ കൊണ്ടുവരുന്ന എഫ്.ആര്‍.ഡി.ഐ ബില്ലിനെക്കുറിച്ച് ആശങ്കകള്‍ പരക്കവെ വിശദീകരണവുമായി കേന്ദ്ര ധനകാര്യ മന്ത്രി തന്നെ രംഗത്തെത്തി. നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ പൂര്‍ണ്ണമായി സംരക്ഷിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.
ഫിനാന്‍ഷ്യല്‍ റെസലൂഷ്യന്‍ ആന്റ് ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ബില്‍ ഇപ്പോള്‍ പാര്‍ലമെന്റിന്റെ സംയുക്ത കമ്മിറ്റിയുടെ പരിഗണനയിലാണെന്നും കമ്മിറ്റിയുടെ ശുപാര്‍ശകള്‍ എന്ത് തന്നെയായാലും അവ സര്‍ക്കാര്‍ പരിഗണിക്കുമെന്നും അരുണ്‍ ജെയ്റ്റ്‍ലി പറഞ്ഞു. എല്ലാല്‍ ബില്ലിനെക്കുറിച്ച് ഉയരുന്നതൊക്കെ വെറും ആശങ്കകള്‍ മാത്രമാണെന്നും തിങ്കളാഴ്ച ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ വിശദീകരണത്തിലും വ്യക്തമാക്കുന്നു. പുതിയ ബില്ലിലെ ശുപാര്‍ശ അനുസരിച്ച്ബാങ്കിലിടുന്ന പണത്തിന് നിലവിലുള്ള ഗ്യാരന്റി ഇല്ലാതാകും. പാപ്പരാക്കപ്പെടുന്ന സ്ഥാപനങ്ങളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ കഴിയില്ല. പകരം ബോണ്ട് നല്‍കും. അഞ്ച് വര്‍ഷം കഴിഞ്ഞ് മാത്രം ഈ പണം തിരികെ ബാങ്കുകള്‍ നല്‍കിയാല്‍ മതിയാവും. ഇതിനിടയില്‍ നിക്ഷേപകന് എന്ത് ആവശ്യം വന്നാലും പണം നല്‍കാന്‍ സ്ഥാപനത്തിന് ബാധ്യതയുണ്ടാവില്ല. എന്നാല്‍ ഈ അഞ്ച് വര്‍ഷത്തെ കാലയളവില്‍ അഞ്ച് ശതമാനം വാര്‍ഷിക പലിശ ലഭിക്കും.
പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് ധനകാര്യ മന്ത്രി അഭിപ്രായപ്പെട്ടത്. ഇതിനായി 2.11 ലക്ഷം കോടിയാണ് സര്‍ക്കാര്‍ ചിലവാക്കുന്നത്. അതുകൊണ്ടുതന്നെ ബാങ്കുകള്‍ പാപ്പരാകുന്നത് പോലുള്ള ഒരു സംഭവവും ഉണ്ടാകില്ല. എപ്പോഴെങ്കിലും ഇനി അങ്ങനെ സംഭവിച്ചാല്‍ തന്നെ നിക്ഷേപകരുടെ പണത്തിന് സര്‍ക്കാര്‍ പൂര്‍ണ്ണ ഗ്യാരന്റി നല്‍കുമെന്നും ജെയ്റ്റ്‍ലി പറഞ്ഞു. അതേസമയം ബില്ലിലെ ആശങ്കയുണര്‍ത്തുന്ന ഭാഗങ്ങള്‍ എടുത്തുകളയണമെന്നാണ് ബാങ്കിങ് രംഗത്തുള്ളവരും ആവശ്യപ്പെടുന്നത്.
