രാജ്യത്ത് ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്‌ത വെള്ളിയാഴ്‌ചയിലെ പൊതു പണിമുടക്ക് ചില സംസ്ഥാനങ്ങളില്‍ ഗതാഗതവും ജനജീവിതവും സ്‌തംഭിപ്പിച്ചു. ഇടതുഭരണമുള്ള കേരളത്തിലും ത്രിപുരയിലും പണിമുടക്ക് പൂര്‍ണമായിരുന്നു. ഇതുകൂടാതെ കര്‍ണാടക, ഹരിയാന, ഉത്തര്‍പ്രദേശം, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും പണിമുടക്കിന്റെ അലയൊലികള്‍ ഉണ്ടായി. ഒഡീഷ, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ചില വ്യവസായ സ്ഥാപനങ്ങളെ പണിമുടക്ക് ബാധിച്ചു. അതേസമയം ദേശീയ തലസ്ഥാനമായ ദില്ലി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പണിമുടക്ക് ഒരു ചലവും സൃഷ്ടിച്ചില്ലെന്ന് പറയാനാകും. ചില സ്ഥലങ്ങളില്‍ ജനജീവിതം സ്തംഭിപ്പിച്ച പണിമുടക്ക് വ്യവസായ മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വ്യവസായ-വ്യാപാര രംഗത്തെ പ്രമുഖ സംഘടനയായ അസോചോമിന്റെ കണക്ക് പ്രകാരം ഏകദേശം 18000 കോടി രൂപയുടെ നഷ്‌ടമാണ് പണിമുടക്ക് മൂലം ഉണ്ടായത്. പ്രധാനമായും ഖനന, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, സ്റ്റീല്‍, സിമന്റ് ഉല്‍പാദന മേഖലകളെയാണ് പണിമുടക്ക് ബാധിച്ചത്. അതേസമയം പണിമുടക്ക് വിജയമാണെന്ന അവകാശവാദമാണ് ട്രേഡ് യൂണിയനുകള്‍ക്ക്. എന്നാല്‍ ഈ വാദം സര്‍ക്കാര്‍ തള്ളിക്കളയുന്നു. പണിമുടക്ക് ദിവസം ഇരുപത് ശതമാനം പേര്‍ മാത്രമാണ് ജോലിക്ക് ഹാജരാകാതിരുന്നതെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. മിനിമം വേതനം 42 ശതമാനം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളി യൂണിയനുകള്‍ പണിമുടക്ക് നടത്തിയത്.