ദില്ലി: ചെറുകിട ഫിനാന്‍സ് ബാങ്കുകള്‍ക്കും പേയ്‌മെന്റ ബാങ്കുകള്‍ക്കും അടല്‍ പെന്‍ഷന്‍ യോജനുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. സാമൂഹിക ക്ഷേമപദ്ധതികള്‍ കൂടുതല്‍ പേരിലേക്കെത്തിക്കാന്‍ നവതലമുറ ബാങ്കുകളേയും ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌കാരം കേന്ദ്രസര്‍ക്കാര്‍ നടപ്പില്‍ വരുത്തിയിരിക്കുന്നത്. നിലവില്‍ 11 പേയ്‌മെന്റ് ബാങ്കുകളും പത്ത് ചെറുകിട ഫിനാന്‍സ് ബാങ്കുകളുമാണ് രാജ്യത്തുള്ളത്. 

പുതിയ പരിഷ്‌കാരം പേയ്‌മെന്റ് ബാങ്കുകള്‍ക്കും ചെറുകിട ഫിനാന്‍സ് ബാങ്കുകള്‍ക്കും ഗുണകരമായിരിക്കുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. പദ്ധതിയിലൂടെ ഓരോ അംഗത്തില്‍ നിന്നും മിനിമം 120-150 രൂപയെങ്കിലും മാസം സ്ഥിരം വരുമാനമായി നേടുവാന്‍ ബാങ്കുകള്‍ക്ക് സാധിക്കും. നിലവില്‍ 84-ലക്ഷത്തിലേറെ ആളുകളാണ് ഈ പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 3194 കോടിയിലേറെ രൂപ ഇതിനോടകം അടല്‍ പെന്‍ഷന്‍ യോജന സ്‌കീമില്‍ എത്തിക്കഴിഞ്ഞു. 18-നും 40-നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ഈ പദ്ധതിയില്‍ ചേരാന്‍ അര്‍ഹതയുള്ളത്.