ഇന്ത്യക്കാര്‍ ഏറ്റവുമധികം ആശ്രയിക്കുന്ന രാജ്യങ്ങളിലൊന്നായിരുന്നു ഓസ്ട്രേലിയ. 457-കാറ്റഗറി വിസ അനുസരിച്ച് രാജ്യത്ത് എത്തുന്ന ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് സ്ഥിര താമസത്തിനുള്ള അനുമതിയും ലഭിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുന്നത്.

ദില്ലി: അമേരിക്കയ്‌ക്ക് പുറമെ ഓസ്‍ട്രേലിയയും വിദേശ തൊഴിലാളികളെ നിയന്ത്രിക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു. രാജ്യത്തെ വിദഗ്ദ തൊഴില്‍ മേഖലകളിലേക്ക് ഏറ്റവും കൂടുതല്‍ വിദേശികള്‍ എത്തിയിരുന്ന 457-കാറ്റഗറി വിസ സംവിധാനം ഓസ്‍ട്രേലിയന്‍ ഭരണകൂടം റദ്ദാക്കി. പകരം താല്‍കാലിക വിസയായ ടി.എസ്.എസ് (Temporary Skill Shortage) എന്ന പുതിയ കാറ്റഗറിയാണ് ആരംഭിച്ചിരിക്കുന്നത്.

ഇന്ത്യക്കാര്‍ ഏറ്റവുമധികം ആശ്രയിക്കുന്ന രാജ്യങ്ങളിലൊന്നായിരുന്നു ഓസ്ട്രേലിയ. 457-കാറ്റഗറി വിസ അനുസരിച്ച് രാജ്യത്ത് എത്തുന്ന ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് സ്ഥിര താമസത്തിനുള്ള അനുമതിയും ലഭിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുന്നത്. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടിയാണ് ഭരണകൂടത്തിന്റെ നീക്കം. ഓസ്‍ട്രേലിയയില്‍ ആകെ നല്‍കുന്ന 457-കാറ്റഗറി വിസയുടെ 22 ശതമാനത്തോളം ഇന്ത്യക്കാരാണ് ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നത്. ഇതാണ് ഇല്ലാതാകുന്നത്. ഓസ്‍ട്രേലിയന്‍ സര്‍വകലാശാലകളില്‍ നിന്ന് ബിരുദം നേടിയ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം എല്ലാവര്‍ക്കും രാജ്യത്ത് ജോലി ചെയ്യാന്‍ രണ്ട് വര്‍ഷം മുന്‍പരിചയമെന്ന നിബന്ധനയുമുണ്ട്. 

ഇതിന് പുറമെ വിദേശികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങള്‍ സ്കില്ലിങ് ഫണ്ടിലേക്ക് നിശ്ചിത തുകയും നല്‍കേണ്ടി വരും. റിക്രൂട്ട്മെന്റിനുള്ള ചിലവ് വര്‍ദ്ധിക്കുമെന്നതിനാല്‍ ഭാവിയില്‍ ഓസ്‍ട്രേലിയയിലെ സ്ഥാപനങ്ങളെ പിന്തിരിപ്പിക്കുകയാണ് ലക്ഷ്യം. തൊഴിലവസരങ്ങളിലേക്ക് ഓസ്‍ട്രേലിയന്‍ പൗരന്മാരെ തന്നെ പരമാവധി പരിഗണിക്കുകയും ബാക്കിയുള്ള അവസരങ്ങള്‍ മാത്രം വിദേശികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി തുറന്നുകൊടുക്കാനുമാണ് ശ്രമം. പുതിയ ടി.എസ്.എസ് വിസയിലും രണ്ട് വര്‍ഷവും നാല് വര്‍ഷവും കാലാവധിയുള്ള രണ്ട് തരം പദ്ധതികളാണുള്ളത്. പക്ഷേ രാജ്യത്ത് ഇവര്‍ക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കില്ലെന്നതാണ് ഏറ്റവും പ്രധാന വ്യത്യാസം.