ദില്ലി: രാജ്യത്തെ എയര്‍ലൈന്‍ കമ്പനികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍. യാത്രക്കാര്‍ നേരിടുന്ന അസൗകര്യങ്ങളും അവരുടെ പരാതികളും എയര്‍ലൈന്‍ കമ്പനികള്‍ സമയബന്ധിതമായി പരിഹരിക്കണമെന്നും അല്ലാത്ത പക്ഷം വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുമെന്നും കേന്ദ്ര വ്യോമയാന സെക്രട്ടറി രാജീവ് നയന്‍ ചൗബി മുന്നറിയിപ്പ് നല്‍കി. 

രാജ്യത്തെ എയര്‍ലൈന്‍ കമ്പനികള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ നിരന്തരം പരാതികള്‍ ഉയരുകയും പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി വ്യോമയാനകമ്പനികള്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്.

യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹാരമുണ്ടാക്കാന്‍ എയര്‍ലൈന്‍ കമ്പനികള്‍ തയ്യാറാവണം. പക്ഷേ ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ച്ചയാണ് എയര്‍ലൈന്‍ കമ്പനികളുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. ഏറ്റവും കുറഞ്ഞവേതനത്തിന് ആളുകളെ ജോലിക്കെടുക്കുകയും, ഏറ്റവും വില കുറഞ്ഞ വിമാനം പറപ്പിക്കുകയും ചെയ്താല്‍ സേവനത്തിന് ഗുണമേന്മയുണ്ടാവില്ല. ആളുകളോട് എങ്ങനെ പെരുമാറണമെന്ന് ആദ്യം വിമാനക്കമ്പനികള്‍ സ്വന്തം ജീവനക്കാരെ പഠിപ്പിക്കണം - വ്യോമയാനക്കമ്പനികള്‍ക്കെതിരെ തുറന്നടിച്ചു കൊണ്ട് രാജീവ് നയന്‍ ചൗബി വ്യക്തമാക്കി.