എസ് എസ് രാജമൗലി ബിഗ് സ്‌ക്രീനില്‍ ഇതിഹാസം രചിച്ചുകൊണ്ട് ബാഹുബലി 2 പുറത്തിറങ്ങിയിരിക്കുന്നു. പ്രേക്ഷകരുടെ ആവേശകരമായ പ്രതികരണവുമായാണ് ബാഹുബലിയുടെ കുതിപ്പ്. ബാഹുബലി 2 റെക്കോര്‍ഡ് കുതിപ്പാണ് നടത്തുന്നത്. കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം ബാഹുബലി 2 കടപുഴക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. എന്നാല്‍ സിനിമാ ടിക്കറ്റ് ബുക്കിങില്‍ മറ്റൊരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ബാഹുബലി 2. ഓണ്‍ലൈന്‍ മുഖേന മുന്‍കൂട്ടിയുള്ള ടിക്കറ്റ് ബുക്കിങിലാണ് ബാഹുബലി 2 റെക്കോര്‍ഡിട്ടിരിക്കുന്നത്. ഉത്തരേന്ത്യയില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന തുടങ്ങി 24 മണിക്കൂറ് കൊണ്ട് പത്തുലക്ഷത്തിലേറെ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ വിറ്റഴിച്ചത്. ഇക്കാര്യത്തില്‍ അമീര്‍ഖാന്റെ ദംഗല്‍ സൃഷ്‌ടിച്ച റെക്കോര്‍ഡാണ് ഒറ്റദിവസം കൊണ്ട് ബാഹുബലി തിരുത്തിയത്. ഇത് ഉത്തരേന്ത്യയില്‍നിന്നുള്ള കണക്ക് മാത്രമാണ്. ദക്ഷിണേന്ത്യയില്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത് ബുധനാഴ്‌ച മുതലാണ്. ഇവിടുത്തെ കണക്ക് ലഭ്യമായിട്ടില്ല. രാജ്യത്താകമാനമായി 6000 കേന്ദ്രങ്ങളിലാണ് ബാഹുബലി 2 റിലീസ് ചെയ്യുന്നത്. ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിലാണ് ബാഹുബലി 2 പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.