പൊതുമേഖല ബാങ്കുകളില്‍ നിന്ന് വന്‍തുകകളുടെ വായ്പ എടുത്ത ശേഷം തിരിച്ചടക്കാത്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. 9,000 പേര്‍ 92,376 കോടി രൂപയാണ് വിവിധ ബാങ്കുകളിലേക്കായി തിരിച്ചടിക്കാനുള്ളത്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 76,685 കോടി രൂപയുടേത് മാത്രമായിരുന്നു തിരിച്ചടക്കപ്പെടാത്ത വായ്പകള്‍.
വായ്പ തിരിച്ചടവ് മുടങ്ങിയതില്‍ ഒറ്റ വര്‍ഷം കൊണ്ട് തന്നെ 20 ശതമാനം വര്‍ദ്ധനയാണുണ്ടായിരിക്കുന്നത്. വന്‍തുക വായ്പ എടുത്ത് മുങ്ങിയവരുടെ എണ്ണത്തിലും ഒരു വര്‍ഷത്തിനുള്ളില്‍ 10 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 2015-16 സാമ്പത്തിക വര്‍ഷത്തിലും 8,167 പേരാണ് വന്‍തുകകളുടെ കുടിശ്ശിക വരുത്തിയത്. എന്നാല്‍ 2016-17ആയതോടെ വന്‍തുക കുടിശ്ശിക വരുത്തിയവരുടെ എണ്ണം 8,915 ആയി ഉയര്‍ന്നു.
വായ്പ എടുത്ത ശേഷം മുങ്ങി നടക്കുന്നവര്‍ക്കെതെതിരെ നടപടി തുടങ്ങിയെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. 1914 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ കിട്ടാക്കടം കൂടുന്ന സാഹചര്യത്തില്‍ ഇതില്‍ വലിയൊരു പങ്ക് എഴുതിത്തള്ളുമോ എന്നും ആശങ്കയുണ്ട്. 2016-17ല്‍ 27 പൊതുമേഖല ബാങ്കുകള്‍ ചേര്‍ന്ന് 81,683 കോടി രൂപ എഴുതി തള്ളിയിരുന്നു.
