ദില്ലി: വിവിധ ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി ഏഴിന് രാജ്യ വ്യാപകമായി പണിമുടക്കുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ അറിയിച്ചു. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ബാങ്കിങ് ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ഉടന്‍ പിന്‍വലിക്കുക. റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാധികാരം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നീ സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്കുകള്‍ കടുത്ത പണക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന 24,000 രൂപ പോലും പ്രതിവാരം വിതരണം ചെയ്യാന്‍ ബാങ്കുകള്‍ക്ക് കഴിയുന്നില്ലെന്നും എ.ഐ.ബി.ഇ.എ ജനറല്‍ സെക്രട്ടറി സി.എച്ച് വെങ്കിടാചെലം അറിയിച്ചു. നോട്ട് പിന്‍വലിനെ തുടര്‍ന്ന് ക്യൂ നില്‍ക്കുന്നതിനിടെ മരണപ്പെട്ടവരുടെയും ജോലിഭാരം താങ്ങാനാവാതെ മരിച്ച ബാങ്ക് ജീവനക്കാരുടെയും ആശ്രിതര്‍ക്ക് നഷ്‌ടപരിഹാരം നല്‍കണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു.
