സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളമായ 3000 കോടി രൂപയും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളമായ മറ്റൊരു 3000 കോടി രൂപയും ചേര്‍ത്ത് 6000 കോടി രൂപയോളമാണ് നാളെ മുതലുള്ള ദിവസങ്ങളില്‍ ആവശ്യമുള്ളത്. ഇത്തരത്തില്‍ മാസത്തിന്റെ ആദ്യ ഏഴ് ദിവസം വേണ്ട പണത്തിന്റെ ലഭ്യതക്കായി നെട്ടോട്ടത്തിലാണ് ബാങ്കുകള്‍. ആഴ്ചയില്‍ പരമാവധി പിന്‍വലിക്കാവുന്നത് 24,000 രൂപയാണ്. ഇത്രയും തുക പിന്‍വലിക്കാന്‍ ശമ്പളക്കാര്‍ ശ്രമിച്ചാല്‍ തന്നെ കറന്‍സി ക്ഷാമം രൂക്ഷമാകുമെന്ന് ഉറപ്പാണ്. പണം അത്യാവശ്യമെങ്കില്‍ മാത്രം പിന്‍വലിച്ചാല്‍ മതിയെന്നും പരമാവധി ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ വാടകയടക്കമുള്ള മാസാദ്യ ചിലവുകള്‍ക്ക് ഇത് പരിഹാരമല്ല താനും.
എല്ലാ ശാഖകളിലും ആവശ്യത്തിന് പണമില്ലാത്തത് ബാങ്കുകളില്‍ ഇടപാടുകാരുടെ ബഹളത്തിന് വഴിവെക്കുന്നുണ്ട്. കോഴിക്കോട് കാനറ ബാങ്ക് ശാഖ, ഇടപാടുകാര്‍ ഉപരോധിച്ചു.പണമില്ലെന്ന ബോര്‍ഡ് ബാങ്കിനു പുറത്തു വച്ചതാണ് ഇടപാടുകാരെ ക്ഷുഭിതരാക്കിയത്. കഴിഞ്ഞ ദിവസം മലപ്പുറത്തും സാമാന പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇടപാടുകാരുടെ പ്രതിഷേധം പലയിടിത്തും അതിരു കടക്കുകയാണെന്നും ബാങ്കുകള്‍ക്ക് പോലീസ് സംരക്ഷണം വേണമെന്നും ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടു.
