ഡിജിറ്റലാകാന്‍ ആവശ്യപ്പെടുമ്പോഴും സാധാരണക്കാരനെ പിഴിയുന്നതില്‍ കുറവ് വരുത്താതെ ബാങ്കുകള്‍


മുംബൈ: കറന്‍സി ഉപയോഗം കുറയ്ക്കണം. ഡിജിറ്റലാകണം എന്ന് കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി പറഞ്ഞിട്ടും സാധാരണക്കാരനെ പിഴിയുന്നതിന് അന്ത്യം കുറിക്കാതെ രാജ്യത്തെ ബാങ്കുകള്‍. ഡെബിറ്റ് കാര്‍ഡിന്റെ ഓരോ ഉപയോഗത്തിനും 17 മുതല്‍ 25 രൂപയും ജിഎസ്ടി ചാര്‍ജ്ജുമാണ് ബാങ്കുകള്‍ ഈടാക്കുന്നത്. പിഒഎസ് മെഷിനിലെ ഉപയോഗത്തിന് 17 രൂപയാണ് എസ്ബിഐ ഉപഭോക്താവില്‍ നിന്ന് ഈടാക്കുന്നത്. എച്ചഡിഎഫ്സി, ഐസഐസിഐ തുടങ്ങിയ ബാങ്കുകള്‍ 25 രൂപ വരെ ഇത്തരത്തില്‍ ഈടാക്കുന്നുണ്ട്. 

പിഒഎസ് മെഷീന്‍ ഉപയോഗത്തിന് ഇത്തരത്തില്‍ചാര്‍ജ്ജ് ഈടാക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. കറന്‍സി ഉപയോഗം കുറയ്ക്കാന്‍ ആവശ്യപ്പെടുന്ന ബാങ്കുകള്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിന് ചാര്‍ജ്ജ് ഈടാക്കുന്നത് ഉപഭോക്താവിനെ തിരികെ കറന്‍സി ഉപയോഗത്തിലേയ്ക്ക് എത്തിക്കുകയേ ഉള്ളൂവെന്നും വിദഗ്ദര്‍ വിലയിരുത്തുന്നു. 

മാസ വരുമാനത്തെ ആശ്രയിച്ച് വലിയ തുക സേവിങ്സ് ഇല്ലാതെ ജീവിക്കുന്ന സാധാരണക്കാരെയാണ് ഈ ചാര്‍ജ്ജ് ഏറെ കുഴക്കുന്നതെന്നും വിദഗ്ധര്‍ പറയുന്നു. ഡിജിറ്റല്‍ സംവിധാനത്തെ പിന്നോട്ട് വലിക്കാന്‍ മാത്രം സഹായിക്കുന്ന ഈ ചാര്‍ജുകള്‍ പിന്‍വലിക്കണമെന്നും അഭിപ്രായമുണ്ട്.