തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകള്‍ക്ക് മുന്നിലുള്ള നീണ്ട നിര ഇന്ന് കേരളത്തിലെ ഏതൊരു നഗരത്തിന്റെയും മുഖമുദ്രയാണ്. ദീര്‍ഘനേരം വെയിലത്ത് വരിനിന്ന് മദ്യം വാങ്ങേണ്ടിവരുന്ന കുടിയന്മാരുടെ സങ്കടം ആരും കേള്‍ക്കാനില്ലെന്ന് അവര്‍ക്ക് പരാതിയുമുണ്ട്. എന്നാല്‍ അധികം വൈകാതെ നീണ്ട ക്യൂ ചരിത്രമായി മാറുമെന്നാണ് ബിവറേജസ് കോര്‍പറേഷന്‍ നല്‍കുന്ന സൂചന. ഔട്ട്‍ലെറ്റുകളില്‍ തയ്യാറാക്കുന്ന പ്രത്യേക യന്ത്രത്തില്‍ പണമിട്ട് മദ്യക്കുപ്പി വാങ്ങാവുന്ന സംവിധാനം ഒരുക്കാനാണ് കോര്‍പറേഷന്റെ പദ്ധതി.

ചില്ലറ വില്‍പ്പന കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാന്‍ അല്‍പ്പം അകലെ ഒരു ലിക്വര്‍ ഡിസ്പെന്‍സിങ് മെഷീന്‍ കൂടി സ്ഥാപിക്കാനാണ് തീരുമാനം. തിരക്കുകൂടുതലുള്ള സ്ഥലങ്ങളിലാവും ആദ്യം ഇത് സ്ഥാപിക്കുക. ഇത് സംബന്ധിച്ച ശുപാര്‍ശ ബിവറേജസ് കോര്‍പറേഷന്‍ എം.ഡി എച്ച് വെങ്കിടേഷ് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാറില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായാല്‍ മെഷീനുകള്‍ ഉടനെത്തും. വിവിധ ബ്രാന്‍ഡുകളിലുള്ള മദ്യ സൂക്ഷിക്കാവുന്ന യന്ത്രമായിരിക്കും സ്ഥാപിക്കുക. വിവിധ തുകകള്‍ക്കുള്ള നോട്ടുകള്‍ മെഷീന്‍ സ്വീകരിക്കും. പണം നിക്ഷേപിച്ച ശേഷം ബ്രാന്‍ഡ് തെരഞ്ഞടുത്താല്‍ കുപ്പി കൈയ്യില്‍ കിട്ടും. ഇപ്പോള്‍ ബിവറേജസ് കോര്‍പറേഷന്‍ വഴി ഒരു വ്യക്തിക്ക് നിയമപരമായി കൈയ്യില്‍ വെയ്ക്കാവുന്ന അളവിലുള്ള മദ്യമേ നല്‍കാറുള്ളൂ. ഇത് മെഷീനും പാലിക്കും.

ഔട്ട്ലെറ്റുകള്‍ വഴി മദ്യം നല്‍കുന്നതിനേക്കാള്‍ കുറച്ച് ജീവനക്കാരെ ഉപയോഗിച്ച് ഇത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും എന്നുള്ള സവിശേഷതയുമുണ്ട്. ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് മുന്നിലെ ക്യൂവിന്റെ പേരില്‍ പലപ്പോഴും കോടതിയില്‍ നിന്നടക്കം കോര്‍പറേഷന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അപരിഷ്കൃതമായ ഈ സംവിധാനം മാറ്റണമെന്ന് തന്നെയാണ് ബെവ്കോയുടെ തീരുമാനവും.