കച്ചവടം പകുതിയായെന്ന് വ്യാപാരികൾ കോഴിക്കോട് കച്ചവടത്തിൽ 75% ഇടിവ്

കോഴിക്കോട്: നിപ ഭീതിയിൽ സംസ്ഥാനത്തെ പഴവർഗ്ഗ വിപണിയ്ക്ക് 10,000 കോടി രൂപയുടെ നഷ്ടം. 10 ദിവസത്തിനുള്ളിൽ കച്ചവടം പകുതിയായെന്ന് വ്യാപാരികൾ പറയുന്നു. കോഴിക്കോട് 75 ശതമാനമാണ് കച്ചവടത്തിലെ ഇടിവ്.

ഒരു ദിവസം സംസ്ഥാനത്ത് നടക്കുന്നത് 2,000 കോടി രൂപയുടെ പഴവർഗ കച്ചവടമാണ്. സാധാരണ റംസാന്‍റെ ആദ്യദിവസങ്ങളിൽ ഇത് ഇരട്ടിയായി ഉയരും. വർഷത്തിലൊരിക്കൽ വരുന്ന ഈ ചാകരക്കാലത്തിനായി കാത്തിരുന്ന കച്ചവടക്കാർക്ക് ഇത് നിരാശയുടെ റംസാനാണ്. നിപ ഭീതിയിൽ പഴങ്ങൾ വാങ്ങുന്നത് നാട്ടുകർ കുറച്ചതോടെ റംസാന്‍റെ ആദ്യ പത്ത് ദിവസങ്ങളിലെ കച്ചവടം പകുതിയായി കുറഞ്ഞ് 10,000 കോടിയിലൊതുങ്ങി. കേരളത്തിൽ നിന്നുള്ള പഴവർഗ്ഗങ്ങളുടെ കയറ്റുമതിയും നിലച്ചു.

മറ്റ് ജില്ലകളിലും കച്ചവടത്തിൽ ആനുപാതികമായ ഇടിവുണ്ട്. മാന്പഴത്തിന്‍റെ വില പലയിടത്തും പകുതിയായി കുറഞ്ഞെന്നും കച്ചവടക്കാർ പറയുന്നു. പഴതീനി വവ്വാലുകളിലൂടെയല്ല നിപ വൈറസ് പടരുന്നതെന്ന റിപ്പോർട്ട് വന്നതാണ് അൽപ്പം ആശ്വാസം. കേരളത്തിൽ വിൽക്കുന്ന 95 ശതമാനം പഴങ്ങളും ഇറക്കുമതി ചെയ്യുന്നതായതിനാൽ പഴങ്ങളിലൂടെ നിപ പകരുമെന്ന ഭീതി അസ്ഥാനത്താണെന്നാണ് വ്യാപാരികളുടെ പക്ഷം.