സാമ്പത്തിക ശാസ്‌ത്രത്തില്‍ നോബര്‍ സമ്മാനം കരസ്ഥമാക്കിയ പ്രഫ. റിച്ചാര്‍ഡ് താലറുടെ ട്വീറ്റ് ആയുധമാക്കിയ ബി.ജെ.പി നേതാക്കള്‍ പുലിവാല് പിടിച്ചു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ അരങ്ങേറിയ നോട്ട് നിരോധനത്തെ അനൂകൂലിച്ച് താലര്‍ ട്വിറ്ററില്‍ കുറിച്ച വരികളാണ്, നോബല്‍ സമ്മാന പ്രഖ്യാപനത്തിന് പിന്നാലെ ബി.ജെ.പി നേതാക്കള്‍ വ്യാപകമായി ഷെയര്‍ ചെയ്തത്. എന്നാല്‍ 2000 രൂപയുടെ നോട്ട് ഇറക്കിയതിനെതിരെ അതേ ട്വീറ്റിന്റെ പിന്നാലെ നടന്ന ചര്‍ച്ചയില്‍ താലര്‍ വിമര്‍ശനം ഉന്നയിച്ചത് കൂടി മറ്റുള്ളവര്‍ പ്രചരിപ്പിച്ചപ്പോള്‍ പലരും പ്രചരണം നിര്‍ത്തി, ട്വീറ്റും ഡിലീറ്റ് ചെയ്ത് മുങ്ങുകയായിരുന്നു.
കഴിഞ്ഞ നവംബര്‍ എട്ടിന് രാത്രി എട്ട് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി 500, 1000 രൂപോ നോട്ടുകള്‍ക്ക് നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താന്‍ പിന്തുണയ്‌ക്കുന്ന നയമാണിതെന്നും ക്യാഷ്‍ലെസ് സാമ്പത്തിക രീതിയിലേക്കുള്ള മാറ്റമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അഴിമതി കുറയ്‌ക്കാന്‍ ഇത് കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം താലറിന് നോബര്‍ സമ്മാനം ലഭിച്ചതിന് പിന്നാലെ ബി.ജെ.പി നേതാക്കള്‍ ഈ ട്വീറ്റ് തപ്പിയെടുത്ത് വ്യാപകമായി പ്രചരിപ്പിച്ചു. ബി.ജെ.പിയുടെ ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യ, കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, ഗിരിരാജ് സിങ് എന്നിവരും ഒട്ടനവധി നേതാക്കളും പ്രവര്‍ത്തകരുമെല്ലാം ഇത് റീ ട്വീറ്റ് ചെയ്തു.
എന്നാല്‍ താലറുടെ ട്വീറ്റിന് താഴെ മിനിറ്റുകള്‍ക്കകം വന്ന കമന്റുകളില്‍ ഒരാള്‍, കേന്ദ്ര സര്‍ക്കാര്‍ 2000 രൂപയുടെ നോട്ട് പുറത്തിറക്കിയെന്ന കാര്യം കൂടി സൂചിപ്പിച്ചു. അതോടെ Really? എന്ന് ചോദിച്ച ശേഷം, നാശം എന്നര്‍ത്ഥത്തില്‍ Damn എന്ന് പ്രതികരിക്കുകയായിരുന്നു. ഇതും കൂടി എതിര്‍ വിഭാഗം പ്രചരിപ്പിച്ചതോടെ നോബല്‍ ജേതാവിന്റെ വിമര്‍ശനം നാട്ടുകാരെ വിളിച്ചറിയിച്ച അവസ്ഥയിലായി ബി.ജെ.പി നേതാക്കള്‍. കേന്ദ്ര മന്ത്രി പിയൂഷ് യോഗല്‍ അടക്കമുള്ളവര്‍ പഴയ ട്വീറ്റ് ഡിലീറ്റ് ചെയ്ത് മുങ്ങി. ബി.ജെ.പി നേതാക്കള്‍ ട്വീറ്റ് ചെയ്ത് കുടുങ്ങിയ വിവരം ചില ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തു.
ഷിക്കാഗോയില്‍ സാമ്പത്തിക ശാസ്‌ത്ര അധ്യാപകനായ റിച്ചാര്‍ഡ് താലര്‍, റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ കൂടിയായ രഘുറാം രാജന്റെ സഹപ്രവര്‍ത്തകനാണ്. നോബല്‍ സാധ്യതയുള്ളവരുടെ കൂട്ടത്തില്‍ രഘുറാം രാജന്റെ പേരും ഉയര്‍ന്നുകേട്ടിരുന്നു. നോട്ട് നിരോധനത്തെ തുറന്നെതിര്‍ത്ത സാമ്പത്തിക വിദഗ്ദരിലൊരാളായിരുന്നു രഘുറാം രാജന്‍.
