മുംബൈ: നിലവില്‍ വിപണിയിലുള്ള ബൊലേറോയെക്കാള്‍ പതിമൂന്ന് ശതമാനം കൂടുതല്‍ കരുത്തും അഞ്ച് ശതമാനം അധികം മൈലേജും വാഗ്ദാനം ചെയ്ത് മഹീന്ദ്ര ബൊലേറോയുടെ പുതിയ പതിപ്പ് പുറത്തിറക്കി. ബൊലേറോ പവര്‍ പ്ലസ് എന്നു പേരിട്ടിരിക്കുന്ന വാഹനത്തിന്‍റെ വില 6.59 ലക്ഷം രൂപയിലാണ് തുടങ്ങുന്നത്.

M-hawkD എഞ്ചിനാണ് ബൊലേറോയുടെ പുതിയ പതിപ്പിന് കരുത്ത് പകരുന്നത്. SLE,SLX,ZLX എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ബൊലേറോ പവര്‍ പ്ലസ് വിപണിയില്‍ ലഭിക്കും. M-hawkD എഞ്ചിന്‍ 70 ബിഎച്ച്പി കരുത്ത് നല്‍കും. 195 NM ആണ് ടോര്‍ഖ്.

സ്പോര്‍ടസ് യൂട്ടിലിറ്റി വെഹിക്കില്‍ വിഭാഗത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ഇന്ത്യന്‍ വിപണിയിലെ ശക്തമായ സാന്നിദ്ധ്യമാണ് മഹീന്ദ്ര ബൊലേറോ. തൊണ്ണൂറുകളില്‍ മഹീന്ദ്രയുടെ ഹിറ്റ് വാഹനമായിരുന്ന അര്‍മ്മദ പരിഷ്‍കരിച്ചാണ് പത്തു വര്‍ഷം മുമ്പ് കമ്പനി ബൊലേറോയ്ക്ക് രൂപം കൊടുക്കുന്നത്.

പുതിയ വാഹനത്തിന്‍റെ ഇന്‍റീരിയറില്‍ വലിയ മാറ്റമില്ല. എന്നാല്‍ ആദ്യമിറങ്ങിയ പഴയ പതിപ്പില്‍ നിന്നും വ്യത്യസ്തമായി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്‍റ് ക്ലസ്റ്റര്‍, ഡ്രൈവര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, വോയിസ് മെസേജിംഗ് സിസ്റ്റം ,മൈക്രോ ഹൈബ്രിഡ് ടെക്‌നോളജി തുടങ്ങിയ സാങ്കേതിക വിദ്യകളും പവര്‍ പ്ലസില്‍ ഉണ്ടാകും. പവര്‍ പ്ലസിലൂടെ വിപണിയിലെ സാന്നിദ്ധ്യം വര്‍ധിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് മഹീന്ദ്ര ആന്‍റ് മഹീന്ദ്രയെന്ന് കമ്പനി ചീഫ് എക്‌സിക്യുട്ടീവ് പ്രവീണ്‍ ഷാ പറഞ്ഞു.