ഓഹരി വിപണിയിൽ വീണ്ടും കറുത്തവെള്ളി. യൂറോപ്യൻ യൂണിയൻ വിടാനുള്ള ബ്രീട്ടീഷ് ജനതയുടെ തീരുമാനം ആഗോള ഓഹരി വിപണികളെ നഷ്ടത്തിലേക്ക് തള്ളിവിട്ടു. ഇന്ത്യൻ ഓഹരി സൂചികയായ സെൻസെക്സ് 26,000ത്തിനും നിഫ്റ്റി 8,000ത്തിനും താഴെയെത്തി.
ബ്രിട്ടനിൽ നിക്ഷേപമുള്ള കമ്പനികളുടെ ഓഹരിമൂല്യം ഇടിഞ്ഞു. ടാറ്റ മോട്ടോഴ്സ് 10 ശതമാനം നഷ്ടം നേരിട്ടു. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യവും ഇടിഞ്ഞു. രൂപ വീണ്ടും 68ന് മുകളിലേക്ക് പതിച്ചു. ബ്രിട്ടീഷ് കറൻസിയായ പൗണ്ട് 31 വർഷത്തിനിടയിലെ താഴ്ന്ന നിരക്കിലാണ്. അതേസമയം സ്വർണ വില കൂടി. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് വർദ്ധിച്ചത്. പവന്‍റെ വില 22,400 രൂപയായി.
ബ്രക്സിറ്റിന്‍റെ പ്രക്രിയ പൂർത്തിയാകാൻ രണ്ടുവർഷം വേണമെന്നിരിക്കെ തുടർ ദിവസങ്ങളിലും വിപണിയിൽ നഷ്ടമുണ്ടാകുമോ എന്നാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. അതേസമയം ബ്രക്സിറ്റിന്‍റെ ചുവട് പിടിച്ച് ആഗോള വിപണികളിൽ ക്രൂഡോയിൽ വില കുറഞ്ഞിട്ടുണ്ട്.
