ബെംഗളൂരു: ഇന്ത്യയിലെ പ്രമുഖ ബീര്‍ നിര്‍മ്മാതാക്കളായ കാള്‍സ്‌ബെര്‍ഗ് കര്‍ണാടകയില്‍ പുതിയ ബ്രൂവെറി ആരംഭിക്കുന്നു. മൈസൂരിനടുത്ത് നഞ്ചന്‍കോടിലാണ് 8 കോടി ലിറ്റര്‍ ഉത്പാദകശേഷിയുള്ള ബീര്‍പ്ലാന്റ് കാള്‍സ്‌ബെര്‍ഗ്ഗ് സ്ഥാപിക്കുന്നത്. 

27.1 ഏക്കര്‍ സ്ഥലത്തായി സ്ഥാപിക്കുന്ന ബ്രൂവെറിയില്‍ കാള്‍സ്‌ബെര്‍ഗ്ഗ് ഇന്ത്യയുടെ എല്ലാ ഉത്പന്നങ്ങളും ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യന്‍ മദ്യവിപണിയിലെ മുന്‍നിരക്കാരായ കിംഗ്ഫിഷറിന് ശക്തമായി വെല്ലുവിളി ഉയര്‍ത്തുന്ന കമ്പനിയാണ് കാള്‍സ്‌ബെര്‍ഗ്ഗ്. കമ്പനിയുടെ കാള്‍സ്‌ബെര്‍ഗ്ഗ്, ടുബോര്‍ഗ്ഗ് എന്നീ ബ്രാന്‍ഡുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഇന്ത്യന്‍ മാര്‍ക്കറ്റിലുള്ളത്. 

രാജ്യത്ത് ഏറ്റവും കൂടുതല്‍ മദ്യം ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനമാണ് കര്‍ണാടക. പ്രമുഖ മദ്യകമ്പനികള്‍ക്കെല്ലാം ഇവിടെ ഡിസ്ലറികളുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ അപേക്ഷിച്ച് പുരോഗമനപരമായ മദ്യനയമാണ് കര്‍ണാടകയ്ക്കുള്ളതെന്നും അതിനാലാണ് മദ്യവ്യവസായം കര്‍ണാടകയില്‍ ഇത്രകണ്ട് വളരാന്‍ കാരണമെന്നുമാണ് വ്യവസായികള്‍ സാക്ഷ്യപ്പെടുത്തുന്നത്.