ഹൈദരാബാദ്: രാജ്യത്ത് ചരക്ക് സേവന നികുതിയില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുന്നെന്ന സൂചന നല്‍കി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യന്‍. ജി.എസ്.ടി സ്ലാബുകളുടെ എണ്ണം കുറയ്ക്കാനാണ് നീക്കം. ഇപ്പോള്‍ 12 ശതമാനം , 18 ശതമാനം എന്നിങ്ങനെ നികുതി ഈടാക്കുന്ന ഉല്‍പ്പന്നങ്ങളെ ഒറ്റ സ്ലാബാക്കി മാറ്റിയേക്കുമെന്നാണ് സൂചന.

ജി.എസ്.ടി ഫയലിങ് നടപടികളില്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രശ്നങ്ങള്‍ പൂര്‍ണ്ണമായി പരിഹരിക്കുമെന്നും അരവിന്ദ് സുബ്രമണ്യന്‍ പറഞ്ഞു.ചരക്ക് സേവന നികുതി ലളിതമാക്കണമെന്ന് നേരത്തേ റവന്യൂ സെക്രട്ടറി ഹശ്മുഖ് അദിയയും അഭിപ്രായപ്പെട്ടിരുന്നു. സാഹചര്യങ്ങള്‍ അനുവദിക്കുമെങ്കില്‍ ജി.എസ്.ടി സ്ലാബുകളുടെ എണ്ണം കുറയ്ക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പെട്രോളിയം ഉല്‍പ്പന്നങ്ങളും വൈദ്യുതിയും ചരക്ക് സേവന നികുതിയുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തണമെന്ന് നിതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍ പറഞ്ഞു. നേരത്തെ ഗുവാഹത്തിയില്‍ നടന്ന 23-ാം ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ വെച്ച് 178 ഉല്‍പ്പന്നങ്ങളുടെ നികുതി കുറച്ചിരുന്നു.