കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ റിയല്‍ എസ്‌റ്റേറ്റ് നിയന്ത്രണനിയമം സംസ്ഥാനത്തും നടപ്പാക്കാനൊരുങ്ങുന്നു. ഇതിന്‍റെ ഭാഗമായി സംസ്ഥാന റിയല്‍ എസ്‌റ്റേറ്റ് അതോറിറ്റി റദ്ദാക്കാനുള്ള ബില്‍ ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. നിയമവകുപ്പ് തയാറാക്കിയ ബില്‍ അടുത്തയാഴ്ച നിയമസഭാ കാര്യോപദേശകസമിതിക്കു കൈമാറും. 

ബില്‍ നിയമസഭ പാസാക്കിയാല്‍ കേന്ദ്രനിയമം സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരും. തുടര്‍ന്നു കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തില്‍ ചട്ടങ്ങള്‍ക്കു രൂപം നല്‍കുകയും റിയല്‍ എസ്‌റ്റേറ്റ് അതോറിറ്റിയും െ്രെടബ്യൂണലും രൂപവല്‍ക്കരിക്കുകയും വേണം. 

കഴിഞ്ഞ ഒന്നു മുതല്‍ 13 സംസ്ഥാനങ്ങള്‍ റിയല്‍ എസ്‌റ്റേറ്റ് നിയന്ത്രണനിയമം നടപ്പാക്കിയിരുന്നു. എല്ലാ സംസ്ഥാനങ്ങളോടും നിയമത്തിന്റെ അടിസ്ഥാനത്തില്‍ ചട്ടങ്ങള്‍ രൂപവല്‍ക്കരിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നെങ്കിലും കേരളത്തിലെ നടപടികള്‍ വൈകി. സംസ്ഥാന റിയല്‍ എസ്‌റ്റേറ്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ കരടുചട്ടങ്ങള്‍ തയാറാക്കി കഴിഞ്ഞ ഒക്ടോബറില്‍ തന്നെ സമര്‍പ്പിച്ചിരുന്നെങ്കിലും ഇപ്പോഴും നിയമവകുപ്പില്‍ കുടുങ്ങിക്കിടക്കുകയാണ്.

കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന അതോറിറ്റി പിരിച്ചുവിടാന്‍ മാര്‍ച്ചില്‍ തന്നെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. സംസ്ഥാന ആക്ട് റദ്ദാക്കാനുള്ള കരടു നിയമത്തിനു മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.