കോഴി വിഭവങ്ങളില്‍ ഹോട്ടലുടമകള്‍ കൊള്ളലാഭം എടുക്കുകയാണെന്ന് കോഴി വ്യാപാരികള്‍ ആരോപിക്കുന്നു. കുറഞ്ഞ വിലയ്‌ക്ക് കോഴിയിറച്ചി നല്‍കിയിട്ടും വില കുറയ്‌ക്കാന്‍ ഹോട്ടലുകള്‍ തയ്യാറാകാത്തത് എന്തുകൊണ്ടെന്നാണ് വ്യാപാരികള്‍ ചോദിക്കുന്നത്.
മാര്‍ക്കറ്റ് വിലയില്‍ നിന്നും കുറഞ്ഞ വിലയിലാണ് ഹോട്ടലുകള്‍ക്ക് കോഴിയിറച്ചി വിതരണം ചെയ്യാറുള്ളത്. കഴിഞ്ഞ ദിവസം 110 രൂപയ്ക്കാണ് ഹോട്ടലുകള്‍ക്ക് വ്യാപാരികള്‍ ചിക്കന്‍ നല്‍കിയത്. ജി.എസ്.ടി നടപ്പിലാക്കിയ ആദ്യ ദിനങ്ങളില്‍ കോഴിയിറച്ചി കിലോയ്‌ക്ക് 220 രൂപയുണ്ടായിരുന്നു. ധനമന്ത്രി തോമസ് ഐസക് ഇടപെട്ട് ഇത് 158 ആക്കി കുറച്ചു. ഇതിലും എത്രയോ താഴ്ന്ന വിലയിലാണ് ഇപ്പോള്‍. എന്നിട്ടും കോഴിയിറച്ചി വിഭവങ്ങള്‍ക്ക് വില കുറയ്‌ക്കാതെ ഹോട്ടലുടമകള്‍ ജി.എസ്.ടിയുടെ മറവില്‍ കൊള്ളലാഭം എടുക്കുകയാണെന്ന് ചിക്കന്‍ ഡീലേസ് അസോസിയേഷന്‍ ആരോപിക്കുന്നു.
എന്നാല്‍ കടകളുടെ കെട്ടിടവാടക, തൊഴിലാളികളുടെ കൂലി എന്നിവയെല്ലാം കണക്കാക്കി മാത്രമേ വിഭവവങ്ങളുടെ വില നിശ്ചയിക്കാനാവൂ എന്നാണ് ഹോട്ടല്‍ ആന്റ് റസ്റ്റോറന്‍റ് അസോസിയേഷന്‍ പറയുന്നത്. ജി.എസ്.ടി ചര്‍ച്ച സമയത്ത് ഹോട്ടല്‍ വിഭവങ്ങള്‍ക്ക് വില കുറയ്‌ക്കാത്തതിന് പ്രധാന കാരണമായി ഹോട്ടലുടമകള്‍ ചൂണ്ടിക്കാട്ടിയിരുന്നത് കോഴി വില കുറയ്‌ക്കാത്തതായിരുന്നു. അന്ന് മുതല്‍ തുടങ്ങിയതാണ് കോഴി വ്യാപാരികളും ഹോട്ടലുടമകളും തമ്മിലെ അസ്വാരസ്യം.
