കൊച്ചി: സംസ്ഥാനത്തെ സഹകരണ സംഘങ്ങളില്‍ കള്ളപ്പണമുണ്ടെന്നും സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ കണക്ക് റിസര്‍വ് ബാങ്കിനെ അറിയിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. നോട്ട് നിരോധനത്തിന് ശേഷം 50 ദിവസം പിന്നിടുമ്പോള്‍ സഹകരണ സംഘങ്ങളിലെ നിക്ഷേപം സംബന്ധിച്ച ചില കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. 80.86 കോടി രൂപയുടെ നിക്ഷേപത്തിന് അവകാശികളില്ലെന്നാണ് റിപ്പോര്‍ട്ട്.

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍, അര്‍ബന്‍ സഹകരണബാങ്കുകള്‍, അര്‍ബന്‍ സഹകരണസംഘങ്ങള്‍, ജില്ലാ സഹകരണബാങ്കുകള്‍, സംസ്ഥാന സഹകരണബാങ്ക് എന്നിവിടങ്ങളിലായി കാലാവധി പൂര്‍ത്തിയായി അഞ്ചു വര്‍ഷത്തിനു ശേഷവും നിക്ഷേപകര്‍ അവകാശവാദം ചെയ്യാതെ കിടക്കുന്ന നിക്ഷേപം 80.86 കോടിയാണെന്നാണ് വിവരം. 2016 നവംബര്‍ വരെയുള്ള കണക്ക് പ്രകാരമാണിത്. 

പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങള്‍, ബാങ്കുകളില്‍ 50.59 കോടി രൂപയും അര്‍ബന്‍ സഹകരണബാങ്കുകളില്‍ 3.79 കോടിയും അര്‍ബന്‍ സഹകരണസംഘങ്ങള്‍ 0.46 കോടി, ജില്ലാ സഹകരണബാങ്കുകള്‍ 23.93 കോടി, സംസ്ഥാന സഹകരണബാങ്കുകളില്‍ 2.09 കോടിയുമാമ് അവകാശികളില്ലാതെ കിടക്കുന്നത്.