സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ നോട്ട് നിരോധനത്തിന് ശേഷമുള്ള കള്ളപ്പണക്കണക്ക് വെളിപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്ത്. ഇക്കാര്യങ്ങള്‍ പാര്‍ലമെന്റില്‍ വെളിപ്പെടുത്താന്‍ മോദി തയ്യാറാകണമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. ഗൊരഖ്പൂര്‍ സംഭവം മനുഷ്യ നിര്‍മ്മിത ദുരന്തമാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

നോട്ട് നിരോധനത്തെത്തുടര്‍ന്ന് മൂന്ന് ലക്ഷം കോടി രൂപ ബാങ്കുകളിലെത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിന് മറുപടിയായാണ് ഇക്കാര്യം പാര്‍ലമെന്റില്‍ സംസാരിക്കാന്‍ മോദി തയ്യാറാകണമെന്ന് ഗുലാം നബി ആസാദ് പറഞ്ഞത്. എത്ര പണം ബാങ്കുകളിലെത്തിയെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്നാണ് റിസര്‍വ്വ് ബാങ്കിന്റെ മറുപടി. എങ്കില്‍ എങ്ങനെയാണ് പ്രധാനമന്ത്രിക്ക് കണക്കുകള്‍ ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചു.

ഗൊരഖ്പൂരിലേത് സ്വാഭാവിക ദുരന്തമല്ല മനുഷ്യ നിര്‍മ്മിത ദുരന്തമാണ്. ത്രിപുര മുഖ്യമന്ത്രിയുടെ പ്രസംഗം സെന്‍സര്‍ ചെയ്ത ദൂരദര്‍ശന്‍ നടപടി സ്വാതന്ത്യദിനം ആഘോഷിക്കുന്ന വേളയില്‍ രാജ്യത്തിന് നാണക്കേടാണെന്നും ഗുലാം നബി ആസാദ് കൂട്ടിച്ചേര്‍ത്തു.