നിര്‍മ്മാണ സാമഗ്രികളുടെ വിലക്കയറ്റം മൂലം സംസ്ഥാനത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലേക്ക്. പാറയും മെറ്റലും അടക്കമുള്ള ക്വാറി ഉല്‍പ്പന്നങ്ങള്‍ക്ക് വില അടിക്കടി വര്‍ദ്ധിക്കുകയാണ്. നേരത്തെയുണ്ടായിരുന്നതിന്റെ ഇരട്ടിയിലധികം വില നല്‍കേണ്ടിവരും ഇവ വാങ്ങണമെങ്കില്‍. വന്‍കിട പാറമടകള്‍ക്ക് മാത്രം ലൈസന്‍സ് പുതുക്കി നല്‍കിയതോടെ ഇവയ്‌ക്ക് കടുത്ത ദുര്‍ലഭ്യം നേരിടുന്നുണ്ട്. പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതിയില്ലാത്തതിനാല്‍ ചെറുകിട ക്വാറികള്‍ പൂട്ടിക്കിടക്കുന്നത് മുതലെടുത്ത് ജിഎസ്ടിയുടെ മറവില്‍ വന്‍കിടക്കാര്‍ അന്യായമായി വില കൂട്ടുകയാണെന്നാണ് ആക്ഷേപം.
കമ്പിയുടെ വിലയിലും വര്‍ദ്ധനവുണ്ട്. 40 രൂപയോളമായിരുന്ന ഒരു കിലോ കമ്പനിക്ക് ഇപ്പോള്‍ വില 50 രൂപയ്‌ക്ക് അടുത്താണ്. തമിഴ്നാട്ടിലും കര്‍ണാടകയിലും ഒരു ചാക്ക് സിമന്റിന് ഒറ്റ ആഴ്ചകൊണ്ട് 40–50 രൂപ വര്‍ധനയുണ്ടായി. കേരളത്തില്‍ നേരത്തേ തന്നെ വില കൂടിയിരുന്നു. 330 രൂപ മുതല്‍ 340 രൂപ വരെയാണ് ഇപ്പോള്‍ ഒരു ചാക്ക് സിമന്റിന് സംസ്ഥാനത്തെ വില. പാറയും മെറ്റലും സിമന്റും കമ്പിയ്‌ക്കുമെല്ലാം ഒറ്റയടിക്ക് വില കുത്തനെ കൂടുമ്പോള്‍ ദീര്‍ഘകാലത്തെ സമ്പാദ്യം കരുതിവെച്ച് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനിറങ്ങുന്നവര്‍ക്ക് പണി പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരും. വായ്പയെടുത്ത് വീട് പണിയാന്‍ കാത്തിരിക്കുന്നവരുടെ കാത്തിരിപ്പ് ഇനിയും നീളുകയും ചെയ്യും.
വില കുത്തനെ ഉയര്‍ന്നതോടെ നിര്‍മാണ മേഖലയെ ആശ്രയിച്ച് കഴിയുന്ന തൊഴിലാളികളും ആശങ്കയിലാണ്. നിര്‍മാണം പകുതിയായി കുറഞ്ഞതോടെ ഇതരസംസ്ഥാന തൊഴിലാളികളടക്കം കേരളം വിടുകയാണ്.
