ക്രൂഡോയിൽ വില ഇങ്ങനെ ഉയർന്നാൽ പെട്രോൾ വില താമസിയാതെ നൂറിലെത്തും.

രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിയ്ക്കുന്നു. ഒന്നര വർഷത്തിനുള്ളിൽ എണ്ണവില ബാരലിന് 90 ഡോളറിലെത്തുമെന്ന് ധനകാര്യ ഏജൻസി മോർഗൻ ആൻഡ് സ്റ്റാൻലി മുന്നറിയിപ്പ് നൽകി. ഇതോടെ ഇന്ത്യയിൽ പെട്രോൾ വില 100 രൂപയിലെത്താനുള്ള സാധ്യതയേറി.

2014ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് ക്രൂഡോയിൽ വില. ബാരലിന് 80 ഡോളർ. ഇതിന്‍റെ ചുവടുപിടിച്ച് കേരളത്തിൽ ഇന്ധനവില സർവ്വകാല റെക്കോഡിൽ നിൽക്കുന്നു. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 79 രൂപ 39 പൈസ, ഡീസലിന് 72 രൂപ 51 പൈസ. ഈ വർഷം മാത്രം കേരളത്തിൽ പെട്രോളിന് കൂടിയത് 4 രൂപ 90 പൈസ. ദില്ലിയിൽ സർവ്വകാല റെക്കോഡിനോട് അടുക്കുകയാണ് ഇന്ധനവില. ലിറ്ററിന് 75 രൂപ 35 പൈസയാണ് ഇന്നത്തെ നിരക്ക്. ക്രൂഡോയിൽ വില ഇങ്ങനെ ഉയർന്നാൽ പെട്രോൾ വില താമസിയാതെ നൂറിലെത്തും.

എന്നാൽ വില വർദ്ധന ഇതുകൊണ്ടൊന്നും അവസാനിക്കില്ലെന്നാണ് രാജ്യാന്തര വിപണിയിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. ക്രൂഡോയിൽ വില 2020ൽ 90 ഡോളർ കടക്കുമെന്നാണ് അമേരിക്കൻ സാമ്പത്തിക ഏജൻസിയായ മോർഗൻ ആൻഡ് സ്റ്റാൻലി വിലയിരുത്തുന്നത്. ഒപെക് രാജ്യങ്ങൾ ഉത്പാദനം കുറച്ചതും കപ്പൽമാർഗം എണ്ണകൊണ്ടുപോകുന്നതിനുള്ള പുതിയ നിയന്ത്രണങ്ങളുമാണ് വില വർദ്ധനയ്ക്ക് കാരണം. ഇറാൻ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതിയ്ക്ക് അമേരിക്കയുടെ നേതൃത്വത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും വിലക്കയറ്റത്തിന് പിന്നിലുണ്ട്.