മുംബൈ:ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് എയര്‍ലൈന്‍സ് എന്ന അറിയപ്പെടുന്ന ഡെക്കാന്‍ എയര്‍ലൈന്‍സ് തിരിച്ചു വരുന്നു. രണ്ടായിരത്തിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ വ്യോമയാനരംഗത്തെ മുന്‍നിരക്കാരായിരുന്ന കമ്പനി കൂടുതല്‍ ലോബജറ്റ് വിമാനക്കമ്പനികള്‍ രംഗത്തു വന്നതോടെയാണ് തകര്‍ച്ചയിലേക്ക് നീങ്ങിയത്. 

മലയാളിയായ ക്യാപ്റ്റന്‍ ജി.ആര്‍.ഗോപിനാഥായിരുന്നു ഡെക്കാന്‍ എയര്‍ലൈന്‍സിന്റെ സാരഥി. 2007-ല്‍ നഷ്ടത്തിലായതോടെ വിജയ് മല്ല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് ഡെക്കാന്‍ എയര്‍ലൈന്‍സ് വില്‍ക്കുകയായിരുന്നു. 

ഒരു പതിറ്റാണ്ടിന് ശേഷമുള്ള രണ്ടാം വരവില്‍ അഭ്യന്തരറൂട്ടുകളില്‍ സര്‍വ്വീസ് നടത്താനുള്ള അനുമതി ഡിജിസിഎയില്‍ നിന്നും ഡെക്കാന്‍ എയര്‍വേഴ്‌സ് നേടിയെടുത്തിട്ടുണ്ട്. ചിലവ് കുറഞ്ഞ വിമാനയാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ഉഡാന്‍ പദ്ധതിയുടെ ഭാഗമായാണ് കമ്പനി വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നത്. 2500 രൂപയ്ക്ക് ഒരു മണിക്കൂര്‍ വരെ വ്യോമയാത്ര നടത്താനുള്ള പദ്ധതിയാണ് ഉഡാന്‍. 

ഉഡാന്‍ പദ്ധതിയുടെ ഭാഗമായി 34 റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുവാനാണ് കമ്പനി ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. മുംബൈയില്‍ നിന്നും ജലഗോണിലേക്കാണ് കമ്പനിയുടെ ആദ്യത്തെ സര്‍വ്വീസ്. വൈകാതെ നാഷിക്-കാലാപുര്‍ റൂട്ടിലും കമ്പനി സര്‍വ്വീസ് തുടങ്ങും. ആദ്യഘട്ടത്തിലെ സര്‍വ്വീസുകള്‍ക്കായി 19 സീറ്റുകളുള്ള നാല് ബീച്ച് ക്രാഫ്റ്റ് ബി-1990ഡി വിമാനങ്ങള്‍ കമ്പനി രംഗത്തിറക്കിയിട്ടുണ്ട്.