ഒരു പതിറ്റാണ്ടിലേറെയായി ടൂറിസ്റ്റ് മേഖലകളില്‍ ടാക്സി ഓടിക്കുന്നര്‍ക്ക് ഏറ്റവും മോശം ടൂറിസം സീസണാണിത്. നേരിട്ട് വണ്ടി ബുക്ക് ചെയ്ത ടൂറിസ്റ്റുകള്‍ അത് റദ്ദാക്കി യാത്ര മാറ്റി.റിസോര്‍ട്ടുകളും ഹോട്ടലുകളും വഴിയുള്ള ഓട്ടവും കിട്ടാനില്ല. സീസണില്‍ ഏറ്റവുമധികം തിരക്കുണ്ടാകേണ്ട ഈ മാസത്തില്‍ പലരുടെയും വണ്ടിക്ക് ഓട്ടമില്ല. വണ്ടിയെടുക്കാന്‍ വായ്പ വാങ്ങിയ പണമെങ്ങനെ തിരിച്ചടയ്‌ക്കുമെന്ന ആശങ്കയിലാണ് പലരും. വരുമാനം നാലിലൊന്നായി ചുരുങ്ങി.

കഴിഞ്ഞ വര്‍ഷത്തേതു പോലെ സഞ്ചാരികളുടെ തിരക്കില്ലെന്നാണ് കുമരകത്തെ ഹോം സ്റ്റേ ഉടമകള്‍ക്കും പറയാനുള്ളത്. കഴിഞ്ഞ വര്‍ഷം നേരിട്ടും അല്ലാതെയും 26,689 കോടിയുടെ വരുമാനമാണ് സംസ്ഥാനത്തെ ടൂറിസം മേഖലയിലുണ്ടായത്. ഡിസംബറില്‍ 1,12,206 വിദേശ സഞ്ചാരികളും 13,18,850 ആഭ്യന്തര ടൂറിസ്റ്റുകളുമാണ് കേരളത്തിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തിയത്. ഇതിനെക്കാള്‍ സഞ്ചാരികളെയും വരുമാനവും ടൂറിസം വകുപ്പ് പ്രതീക്ഷിച്ചിടത്താണ് 25 ശതമാനവും കുറവുണ്ടാകുമെന്ന പുതിയ കണക്കുകൂട്ടല്‍.