ദില്ലി: നോട്ട് നിരോധനത്തെയും ജിഎസ്ടിയെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ഷൂരി. കള്ളപ്പണം വെളുപ്പിക്കാനുള്ള ചരിത്രത്തിലെ വലിയ നീക്കമായിരുന്നു നോട്ടു നിരോധനം. ഇതുവഴി കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കിയെന്നും സാമ്പത്തിക വിദഗ്ധനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ അരുണ്‍ ഷൂരി പറഞ്ഞു.

"ഉയര്‍ന്ന മുല്യമുള്ള നോട്ടുകള്‍ നിരോധിച്ചത് സാമ്പത്തിക തളര്‍ച്ചയുണ്ടാക്കി. നോട്ടു നിരോധനം ബുദ്ധി ശൂന്യമായ എടുത്തു ചാട്ടമാണ്. 99 ശതമാനത്തിലധികം നോട്ട് തിരിച്ചെത്തിയത് പരാജയം തെളിയിക്കുന്നു". ഒരു ദേശീയ ചാനലിലാണ് സര്‍ക്കാരിന്‍റെ സാമ്പത്തിക പരിഷ്കാരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രി രംഗത്തെത്തിയത്.

കേന്ദ്ര സര്‍ക്കാര്‍ ജിഎസ്‌ടി നടപ്പാക്കിയ രീതിയെയും അരുണ്‍ ഷൂരി പരിഹസിച്ചു. ജിഎസ്‌ടി പ്രഖ്യാപിച്ച പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനത്തെ ഇവന്‍റ് മാനേജ്മെന്‍റ് പരിപാടിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. നിര്‍ണ്ണായകമായ നികുതി പരിഷാകാര നടപടിയെ സ്വാതന്ത്രദിനവുമായി താരതമ്യപ്പെടുത്തിയതിന്‍റെ യുക്തിയെന്തെന്നും ബിജെപി നേതാവ് ചോദിച്ചു.