മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് ചായ കുടിക്കാന്‍ ചെലവാക്കിയത് 3.34 കോടി
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഓഫീസ് ഒരു ദിവസം കുടിച്ചു തീര്ക്കുന്നത് 18,591 കപ്പ് ചായയെന്ന് വിവരാവകാശ രേഖ. കഴിഞ്ഞ വർഷം മാത്രം മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിനായി ചെലവാക്കിയത് 3.34 കോടി രൂപയെന്നും രേഖകൾ പറയുന്നു. പല തരം കുംഭകോണങ്ങള് രാജ്യം കണ്ടിട്ടുണ്ട് എന്നും ആദ്യമായാണ് ചായ കുംഭകോണം രാജ്യത്ത് ഉണ്ടാകുന്നത് എന്നുമാണ് സംഭവത്തിൽ കോൺഗ്രസിന്റെ പരിഹാസം
കഴിഞ്ഞ മൂന്നു വര്ഷങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ചായക്കായി ചെലവായ തുകയുടെ കണക്കുകളാണ് വിവരാവകാശ രേഖയില് പറയുന്നത്. 2015-2016 കാലയളവില് 58 കോടി രൂപയാണ് ചെലവഴിച്ചതെങ്കിൽ കഴിഞ്ഞ വർഷം ഇത് 3.34കോടി രൂപയെന്ന് രേഖകൾ പറയുന്നു. കോണ്ഗ്രസ് നേതാവ് സഞ്ജയ് നിരുപമാണ് വിവരാവാകാശ രേഖ പുറത്തു വിട്ടത്.
വിഷയം സർക്കാരിനെതിരെ ആയുധമാക്കാനാണ് കോൺഗ്രസ്സിന്റെ നീക്കം.എന്നാൽ ആദരിക്കൽ ചടങ്ങുകളിൽ വാങ്ങുന്ന പൂച്ചെണ്ട്, ഷാളുകൾ, തുടങ്ങിയവയുടെ ചെലവും ഉൾപ്പെടുന്നതാണ് കണക്കെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം .നേരത്തെ സെക്രട്ടേറിയറ്റിലെ എലികളെ കൊല്ലാൻ ലക്ഷങ്ങളുടെ കരാർ സ്വകാര്യകമ്പനിക്ക് നൽകിയതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് ബിജെപിയുടെ മുൻ മന്ത്രി ഏക്നാഥ് ഖഡ്സെ രംഗത്ത് എത്തിയതിന് പിന്നാലെയാണ് പുതിയ വിവാദം.
