പിരമിഡ്, മണി സര്‍ക്കുലേഷന്‍ പോലുളള തട്ടിപ്പുകളുമായി ബന്ധപ്പെട്ട് നേരിട്ടുളള വില്‍പ്പന വ്യവസായ മേഖല ഒരുപാട് തെറ്റിദ്ധരിക്കപ്പെടുന്നു

ദില്ലി: അന്താരാഷ്ട്ര വ്യവസായ സംഘടനയായ അസോചത്തിന്‍റെ ഇന്ത്യന്‍ വിഭാഗമായ അസോചം ഇന്ത്യ ഡയറക്ട് സെല്ലിങ് (നേരിട്ടുളള വില്‍പ്പന) വ്യവസായത്തില്‍ നിലപാട് കടുപ്പിക്കുന്നു. 2016 ല്‍ നേരിട്ടുളള വില്‍പ്പന സംബന്ധിച്ച് ഉപഭോക്തൃകാര്യ മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിരിന്നെങ്കിലും ഇതുവരെ തുടര്‍ നടപടി സ്വീകരിച്ചിരുന്നില്ല. 

ഈ സാഹചര്യത്തിലാണ് അസോചം നിലപാട് കടുപ്പിച്ചത്. പിരമിഡ്, മണി സര്‍ക്കുലേഷന്‍ പോലുളള തട്ടിപ്പുകളുമായി ബന്ധപ്പെട്ട് നേരിട്ടുളള വില്‍പ്പന വ്യവസായ മേഖല ഒരുപാട് തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടിയന്തിരമായി നടപ്പാക്കി ഈ മേഖലയിലെ നല്ല പ്രവണതകളെ നിലനിറുത്തുകയും അല്ലാത്തവയെ ഒഴിവാക്കുകയും വേണമെന്നാണ് അസോചത്തിന്‍റെ പ്രധാന ആവശ്യം. 

നേരിട്ടുളള വില്‍പ്പന വ്യവസായത്തിനായി പ്രത്യേക നിയമം വേണമെന്ന ആവശ്യവും അസോചത്തിനുണ്ട്. പ്രാദേശിക അതോറിറ്റികളില്‍ നിന്ന് നിരവധി പ്രതിസന്ധികള്‍ ഈ മേഖല അഭിമുഖീകരിക്കുന്നുണ്ട്. ഡയറക്ട് സെല്ലിംഗിനെ ഒരു സംരംഭമെന്ന നിലയ്ക്കുപോലും പല ദേശീയ ബാങ്കുകളും അംഗീകരിക്കാത്തതിനാല്‍ ഈ മേഖലയിലെ സംരംഭങ്ങള്‍ക്ക് വായ്പകള്‍ ലഭിക്കുക പ്രയാസമാണ്.