ദില്ലി: രാജ്യത്ത് മാന്ദ്യമുണ്ടെന്ന് സൂചന നല്‍കി റിസര്‍വ് ബാങ്ക്. പലിശ നിരക്കില്‍ മാറ്റം വരുത്താതെ വായ്പ നയം പ്രഖ്യാപിച്ചു. പണപ്പെരുപ്പം കൂടാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് നടപടി. രാജ്യത്തെ വളര്‍ച്ച നിരക്ക് 6.7 ശതമാനമായി പുനര്‍നിര്‍ണയിക്കുകയും ചെയ്തു. രാജ്യത്ത് മാന്ദ്യമുണ്ടെന്ന് റിസര്‍വ് ബാങ്ക് പറയാതെ പറഞ്ഞിരിക്കുന്നു.

നിലവില്‍ അഞ്ച് മാസത്തെ ഉയര്‍ന്ന നിരക്കിലാണ് പണപ്പെരുപ്പം. ഇത്  വരും മാസങ്ങളില്‍ ഉയരാനുള്ള സാധ്യതയും ആര്‍ബിഐ ഗവര്‍ണര്‍ പങ്കുവയ്ക്കുന്നു. നിര്‍മാണ മേഖലയിലെ വളര്‍ച്ച 5 വര്‍ഷത്തെ താഴ്ന്ന നിരക്കിലാണ്. ഇതെല്ലാം പരിഗണിച്ചാണ് പലിശ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ വായ്പ നയം പ്രഖ്യാപിച്ചത്. 

റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്കു നല്‍കുന്ന ഹ്രസ്വകാല വായ്പ പലിശ നിരക്കായ റിപ്പോ നിരക്ക് 6 ശതമാനവും റിവേഴ്‌സ് റിപ്പോ 5.75 ശതമാനവുമായി തുടരും. അതേസമയം എസ്എല്‍ആര്‍ നിരക്കില്‍ ആര്‍ബിഐ അര ശതമാനം ഇളവ് വരുത്തി. വാണിജ്യ ബാങ്കുകള്‍ സ്വര്‍ണത്തിലോ സര്‍ക്കാര്‍ നിക്ഷേപങ്ങളിലോ സൂക്ഷിക്കേണ്ട തുകയാണ് സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ.

രാജ്യത്തെ വളര്‍ച്ച നിരക്കില്‍ ഇടിവിനുള്ള സാധ്യതയും ആര്‍ബിഐ പ്രകടിപ്പിച്ചു. ഇതനുസരിച്ച് നടപ്പ് സാന്പത്തിക വര്‍ഷത്തെ വളര്‍ച്ച നിരക്ക് 7.3 ശതമാനത്തില്‍ നിന്ന് 6.7 ശതമാനമായി പുനര്‍നിര്‍ണയിച്ചിട്ടുണ്ട്. അതേസമയം ജിഎസ്ടിയിലെ പ്രതിസന്ധി അവസാനിക്കുന്‌പോള്‍ സാന്പത്തിക വളര്‍ച്ചയില്‍ മാറ്റമുണ്ടായേക്കാമെന്ന പ്രതീക്ഷയും ആര്‍ബിഐ പങ്കുവച്ചു.