തിരുവനന്തപുരം: പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തെ പുനര്‍നിര്‍മിക്കാനായുളള ധനസമാഹരണത്തിനായി ബജറ്റില്‍ നിര്‍ദ്ദേശിച്ച പ്രളയ സെസ് ജൂണ്‍ ഒന്ന് മുതല്‍ നിലവില്‍ വരും. അഞ്ച് ശതമാനത്തിന് മുകളില്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) ഈടാക്കുന്ന എല്ലാ സാധനങ്ങള്‍ക്കും ഒരു ശതമാനം അധിക നികുതി ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇത് സംബന്ധിച്ച ധനവകുപ്പ് നിര്‍ദ്ദേശത്തിന് ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ യോഗം തത്ത്വത്തില്‍ അനുമതി നല്‍കി. 

ഏപ്രില്‍ ഒന്ന് മുതല്‍ സെസ് ഏര്‍പ്പെടുത്താനായിരുന്നു ബജറ്റില്‍ നിര്‍ദ്ദേശിച്ചിരുന്നത്. തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ പ്രളയസെസ് നിര്‍ദ്ദേശം നടപ്പാക്കുന്നത് സര്‍ക്കാര്‍ നീട്ടിവയ്ക്കുകയായിരുന്നു. പ്രളയ സെസിലൂടെ 600 കോടി രൂപ സമാഹരിക്കുകയാണ് ധനവകുപ്പിന്‍റെ ലക്ഷ്യം. സെസ് ഏര്‍പ്പെടുത്തുന്നകാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭയെ അറിയിച്ചു. 

യുഎന്‍ ഏജന്‍സികള്‍ നല്‍കിയ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്സ് അസസ്മെന്‍റ് (പിഡിഎന്‍എ) പ്രകാരം നവകേരള നിര്‍മാണത്തിന് 36,706 കോടി രൂപ ആവശ്യമായി വരും. പ്രളയ സെസിനൊപ്പം വിദേശ വായ്പകളടക്കമുളള മറ്റ് ധനസമാഹരണ മാര്‍ഗ്ഗങ്ങളും കേരളത്തിന് ആശ്രയിക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. 

ഏര്‍പ്പെടുത്തുന്ന തീയതി മുതല്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് പ്രളയസെസ് പിരിക്കാനാണ് സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഒരു വിഭാഗം ആവശ്യ വസ്തുക്കള്‍ ഒഴികെ അഞ്ച് ശതമാനത്തിന് മേല്‍ ജിഎസ്ടിയുളള ഉപഭോഗ വസ്തുക്കള്‍, നിര്‍മാണസാമഗ്രികള്‍, ഗൃഹോപകരണം, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം വില ഉയരും. ഇത് സംസ്ഥാനത്ത് വിലക്കയറ്റത്തിന് കാരണമാകും. 

ഇത് കൂടാതെ സ്വര്‍ണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങള്‍ക്കും കാല്‍ ശതമാനം സെസ്സും കൂടി സര്‍ക്കാര്‍ ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ സേവനങ്ങളുടെ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതിനായി വിവിധ വകുപ്പുകളുടെ നിര്‍ദ്ദേശം തേടിയിട്ടുണ്ട്. 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.