ദില്ലി: വിദ്യാഭ്യാസലോണുകളില്‍ തിരിച്ചടവ് മുടങ്ങുന്നത് ബാങ്കുകള്‍ക്ക് വലിയ ബാധ്യതയാവുന്നതായി റിപ്പോര്‍ട്ട്. പോയ രണ്ട് വര്‍ഷത്തിനിടെ വിദ്യാഭ്യാസലോണെടുത്തവരില്‍ പകുതിയോളം പേര്‍ വായ്പ തിരിച്ചടിച്ചിട്ടില്ല.
വിദ്യാഭ്യാസലോണ്‍ എടുത്ത് പഠിച്ചവര്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം ജോലികിട്ടാത്തതാണ് തിരിച്ചടവ് മുടങ്ങാനുള്ള പ്രധാനകാരണം. മികച്ച തൊഴില്‍ ലഭിച്ചിട്ടും ബോധപൂര്‍വം വായ്പ അടയ്ക്കാത്തവരുമുണ്ടെന്നാണ് ബാങ്കുകള്‍ വെളിപ്പെടുത്തുന്നത്. വിദ്യാഭ്യാസലോണിന് ഈട് വേണ്ടെന്ന വ്യവസ്ഥ പലരും ഒരവസരമായി കാണുന്നുവെന്നാണ് ബാങ്കുകളുടെ ആക്ഷേപം.
2015 മാര്‍ച്ചിനും 2017 മാര്‍ച്ചിനും ഇടയിലായി ബാങ്ക് ലോണെടുത്തവരില്‍ 47 ശതമാനം പേരും വായ്പ തിരിച്ചടിച്ചിട്ടില്ലെന്നാണ് കണക്ക്. ഇതില്‍ തന്നെ 2015-16 സാമ്പത്തിക വര്‍ഷത്തിലാണ് കടബാധ്യത കാര്യമായി വര്‍ധിച്ചത്. അതേസമയം വിദ്യാഭ്യാസലോണുകള്‍ അനുവദിക്കുന്നതിലും കാര്യമായ കുറവ് വന്നെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അപേക്ഷകരുടെ എണ്ണത്തിലുണ്ടായ കുറവും വിദ്യാഭ്യാസലോണ്‍ അനുവദിക്കുന്നതില്‍ ബാങ്കുകള്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയതും ഇതിനു കാരണമായി പറയുന്നു.
